രമേശ് ചെന്നിത്തലയുമായി നടത്തിയ അനുനയ ചർച്ചയ്ക്ക് ശേഷം വിഡി സതീശൻ നടത്തിയ പ്രതികരണമാണ് ചിരിയുണർത്തിയത്. പുനഃസംഘടനാ പ്രക്രിയയ്ക്ക് എല്ലാ മുതിർന്ന നേതാക്കളുടേയും പിന്തുണ ലഭിക്കുമെന്നു പറഞ്ഞ വിഡി സതീശൻ എല്ലാ നേതാക്കളുടേയും എന്ന് തിരുത്തുകയായിരുന്നു. “മുതിർന്ന നേതാവ് എന്നു പറയുന്നില്ല” എന്നു പറഞ്ഞുകൊണ്ടായിരുന്നു തിരുത്ത്.
മുതിർന്ന നേതാവെന്ന് പലയിടത്തും പറയുന്നുണ്ടെങ്കിലും തനിക്ക് അതിനും മാത്രം പ്രായം ആയിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ പ്രസ്താവന തിരുത്തിയത്.
മുതിർന്ന നേതാക്കളെ മാറ്റിനിർത്താനോ അവർക്ക് പ്രയാസം ഉണ്ടാക്കാനോ പാടില്ല. അങ്ങനെ ഉണ്ടായെന്ന് പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ച് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയ ശേഷം ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്- സതീശൻ പറയുന്നു.
ചർച്ചകളും ആശയ വിനിമയവും തുടരും. ഓന്നാംഘട്ട പുനഃസംഘടനയാണ് കഴിഞ്ഞത്. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ആരംഭിക്കാനിരിക്കുകയാണ്. അതിന് എല്ലാ മുതിർന്ന നേതാക്കളുടേയും, മുതിർന്ന നേതാവെന്ന് പറയുന്നില്ല. എല്ലാ നേതാക്കളുടേയും പിന്തുണയുണ്ട്- വി ഡി സതീശൻ പറഞ്ഞു.
എന്നാൽ, വിഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായിട്ടില്ല. സതീശൻ ചർച്ചയ്ക്ക് മുൻകയ്യെടുത്തത് നല്ലകാര്യമാണെന്നും ചർച്ചയോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുന്നത് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പുതുപ്പള്ളിയിൽ എത്തിയ വി ഡി സതീശൻ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. കൂടാതെ കോട്ടയത്തെത്തി തിരുവഞ്ചൂരുമായും കൂടിക്കാഴ്ച നടത്തി. ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പരസ്യ പ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഹരിപ്പാട്ടെത്തിയാണ് സതീശൻ രമേശ് ചെന്നിത്തലയെ കണ്ടത്.
പ്രതിപക്ഷ നേതാവുമായി നടന്ന ചർച്ചകളോട് അനുഭാവപൂർവ്വം പ്രതികരിക്കുമെന്നാണ് പ്രതികരിച്ചത്. പഴയ കാര്യങ്ങൾ പറയാനില്ല. ചർച്ചകളാണ് കോൺഗ്രസിന്‍റെ ശൈലി. കോൺഗ്രസാണ് വലുത്. കോൺഗ്രസ് ഫസ്റ്റും, ഗ്രൂപ്പ് സെക്കൻഡുമാണ്. കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ ഉണ്ടായതിൽ വേദനയുണ്ട്. ചർച്ചകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കും. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും കാണുന്നതിന്‍റെ ഭാഗമായിട്ടാണ് വി ഡി സതീശൻ വീട്ടിൽ എത്തിയതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകണമെന്നാണ് അവരുടെ ആഗ്രഹം. തന്‍റെ നിലപാടും അത് തന്നെയാണ്. എഐസിസിക്കും കെപിസിസിക്കും പിന്നിൽ എല്ലാവരും അണിനിരക്കണം. പാർട്ടിയിൽ സൗഹാർദ അന്തരീക്ഷം ഉണ്ടാകണമെന്നും സതീശനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവഞ്ചൂർ പറഞ്ഞു.