തിരുവനന്തപുരം > സംസ്ഥാനത്തെ 150 പഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും.
പഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായമായ ഐഎൽജിഎംഎസ്.
ആദ്യഘട്ടത്തിൽ കേരളത്തിലെ 153 പഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിച്ചിരുന്നു. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഈ 303 പഞ്ചായത്തുകളിലേക്ക് സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതുജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ശേഷിക്കുന്ന 638 പഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസൺ പോർട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് ഐഎൽജിഎംഎസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്.