കോഴിക്കോട്: നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ചതിനെത്തുടർന്ന് കനത്ത ജാഗ്രതയിൽ ആരോഗ്യ വകുപ്പ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ രോഗ വ്യാപനം തടയാനുള്ള കർമപദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2018ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുർഘടമായിരിക്കില്ല. ആശങ്കയ്ക്ക് വകയില്ല. ജില്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം സജ്ജരാണ്. ഒരു ടീം ആയി പ്രവർത്തിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കൃത്യമായ ആക്ഷൻ പ്ലാൻ സയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയാൽ രോഗത്തെ വരുതിയിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച രാവിലെ കോഴിക്കാട്ട് ഉന്നതതല യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കും. അതേസമയം കുട്ടിയുമായി സമ്പർക്കമുള്ള 17 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. അതിൽ അഞ്ചു പേർ കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. ഇതുവരെ കുടുംബത്തിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. പത്തുമണിയോടെ കുട്ടിയുടെ സംസ്കാരം നടത്താനുള്ള ആലാചനകൾ നടക്കുകയാണ്.
Content Highlights: Action plan is ready for nippah defence says minister muhammed riyas