തിരുവനന്തപുരം> പോര് അടങ്ങുന്നില്ല. പുതിയ നേതൃചേരിക്കെതിരെ ഗ്രൂപ്പുകൾ നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസിലെ കലഹം തെരുവുയുദ്ധത്തിന് സമാനമായി. ശനിയാഴ്ചയും രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ എന്നിവർ രംഗത്തെത്തി. ഉരുളയ്ക്ക് ഉപ്പേരിപോലെ ഉമ്മൻചാണ്ടി മറുപടി നൽകിയതോടെ കലാപം പിന്നെയും രൂക്ഷമായി. കഴിഞ്ഞദിവസം പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയെ കണ്ട ടി സിദ്ദിഖ് ശനിയാഴ്ച വീണ്ടും കളംമാറ്റി.
രമേശ് ചെന്നിത്തലയെ ഉന്നംവച്ച് സംഘടിത ആക്രമണമാണ് വിവിധ ജില്ലയിൽ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലും നേതാക്കൾക്ക് എതിരെ സംഘടിത ആക്രമണമുണ്ടായി. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങും യുദ്ധപ്രഖ്യാപന വേദികളായി. മാറ്റങ്ങളുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിൽ ആവർത്തിച്ചു. നേതൃത്വവുമായി അങ്ങോട്ടുപോയി ചർച്ചയില്ലെന്നും ഇങ്ങോട്ടുവന്നാൽ ആകാമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിൽനിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിൽക്കുമെന്നാണ് സൂചന. ജൂനിയർ നേതാവായ കെ സി വേണുഗോപാലിന് വഴങ്ങേണ്ട ഗതികേടില്ലെന്നാണ് ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസ്സിലിരിപ്പ്. വേണുഗോപാൽ സ്വന്തം ഗ്രൂപ്പുണ്ടാക്കുകയാണെന്ന് ഹൈക്കമാൻഡിന് പരാതി നൽകും.