കാബൂള്‍> താലിബാന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തിമഘട്ടത്തില്‍ എത്തിനില്‍കെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ഹമീദ് ഫായിസ് കാബൂളിലെത്തി. താലിബാന് ഭരണത്തിലും സൈന്യത്തിലും പിന്‍വാതില്‍ ബന്ധം ശക്തമാക്കാനാണ് സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ട്. താലിബാന്റെ ഉന്നത നേതൃസംഘത്തിന്റെ ഭാഗമായ ഹഖാനി ശൃംഖലയുമായി ഐഎസ്ഐക്ക് അടുത്തബന്ധമുണ്ട്.
ഐക്യരാഷ്ട്ര സംഘടന ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹഖാനി ശൃംഖലയ്ക്കാണ് ഇപ്പോള്‍ കാബൂളിന്റെ നിയന്ത്രണം. ഇവരുടെ ആറായിരത്തോളം സൈനികര്‍ കാബൂളിലുണ്ട്. സംഘത്തിന് കൂടുതൽ സൈനികശക്തി പ്രധാനം ചെയ്യുന്നതിന് പാകിസ്ഥാന് താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും താലിബാന്റെ റഹ്ബാരി, ഷൂറ നേതൃസമിതികള്‍ ഇതിനെതിരാണ്. ഈ തര്‍ക്കം പരിഹരിക്കുക എന്ന ലക്ഷ്യംകൂടി ഹമീദ് ഫായിസിന്റെ സന്ദര്‍ശനത്തിന് ഉണ്ടെന്നാണ് വിലയിരുത്തല്‍.
സർക്കാർ രൂപീകരണത്തില്‍ താലിബാൻ നേതൃത്വവും ഹഖാനി വിഭാഗവും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഐക്യമുന്നണി അവതരിപ്പിക്കാൻ താലിബാൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഷൂറ നേതൃസമിതിയും ഹഖാനി വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതിനിടെ, അഫ്ഗാനില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ്, അൽ ഖായ്ദ എന്നിവയെ നേരിടാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ഭരണകൂടം പാകിസ്ഥാനുമേല്‍ സമ്മർദം ചെലുത്തുന്നതിന്റെ രേഖകള്‍ പുറത്തായതായി അസോസിയറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്റെ ക്ഷണം സ്വീകരിച്ചാണ് ഹമീദ് ഫായിസ് അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്നതെന്നാണ് പാക് മാധ്യമ റിപ്പോര്‍ട്ട്.