മംഗളൂരു > കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ആധാർ കാർഡും വിലാസം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. കോവിഡ് രൂക്ഷമായി തുടരുന്ന കേരളത്തിൽനിന്നുള്ള ഭക്തരെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് പുതിയ ഉത്തരവ്. ഉഡുപ്പി ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ശനിയാഴ്ച മുതലാണ് പുതിയ നിയന്ത്രണം.
ക്ഷേത്രദർശനത്തിന് എത്തുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തും. കേരളത്തിൽ നിന്നുള്ളവരാണെങ്കിൽ 72 മണിക്കൂർ പിന്നിടാത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ദർശനം അനുവദിക്കൂ. സർട്ടിഫിക്കറ്റ് ഇല്ലാത്ത കേരളത്തിൽ നിന്നുള്ളവരെ ഒരാഴ്ചത്തെ സമ്പർക്ക വിലക്കിനായി ക്ഷേത്രം ഡോർമെറ്ററിയിലേക്ക് മാറ്റും. ഏഴുദിവസത്തിനുശേഷം നടത്തുന്ന ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായാൽ മാത്രമേ ദർശനം അനുവദിക്കു.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ശരീരതാപ പരിശോധന നടത്തുമെന്നും എക്സിക്യുട്ടീവ് ഓഫീസർ എസ് ബി മഹേഷ് പറഞ്ഞു. ആയിരത്തിൽ താഴെ ഭക്തരാണ് നിലവിൽ മൂകാംബിക ക്ഷേത്രത്തിൽ എത്തുന്നത്. രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും മൂന്നുമുതൽ രാത്രി 8.30 വരെയും മാത്രമേ ക്ഷേത്രം തുറക്കൂ.