കോൺഗ്രസിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച ആർഎസ്പിയെ ചർച്ചയ്ക്ക് ക്ഷണിച്ചതോടെയാണ് മുന്നണി വിടുകയാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായത്. തത്കാലം യുഡിഎഫിൽ നിന്നുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതു വികാരമെന്ന് ആർഎസ്പി വ്യക്തമാക്കി.
തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ മുന്നണിയിൽ വരുത്തേണ്ട മാറ്റങ്ങളാകും ആർഎസ്പി ഉന്നയിക്കുക. കൂടാതെ കോൺഗ്രസിൽ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന കലാപം ഉചിതമല്ലെന്നും അറിയിക്കും. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകണമെന്നുള്ളതാണ് തങ്ങളുടെ കാഴ്ചപ്പാട്.
ഇപ്പോൾ മുന്നണി മാറ്റത്തിനുള്ള സമയമല്ലെന്നാണ് സംസ്ഥാന സമിതി വിലയിരുത്തിയിരിക്കുന്നത്. മുന്നണി വിട്ടാൽ ഇടതു മുന്നണി സ്വീകരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാം എന്നാണ് ആർഎസ്പി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. കൂടാതെ ഇടതുമുന്നണി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.
നേരത്തെ ആര്‍എസ്‍പി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോൺഗ്രസിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്‍പി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോൺഗ്രസിനെതിരെ പരസ്യവിമര്‍ശനവുമായി ഷിബു ബേബി ജോൺ പറഞ്ഞത്. രാജ്യത്ത് കോൺഗ്രസിൻ്റെ ആവശ്യം മനസ്സിലാക്കി തങ്ങള്‍ ഒപ്പം നടന്നതാണെന്നും എന്നാൽ കോൺഗ്രസ് നേതാക്കള്‍ ഇക്കാര്യം മനസ്സിലാക്കുന്നില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.
“കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല, പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പുറത്തു പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക?” പാര്‍ട്ടി യുഡിഎഫ് വിടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
രാജ്യത്ത് കോൺഗ്രസിൻ്റെ പ്രാധാന്യം കോൺഗ്രസ് നേതാക്കള്‍ തന്നെ മനസ്സിലാക്കാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നാമാവശേഷമായെന്നും എന്നാൽ ഇവിടുത്തെ നേതാക്കള്‍ ഇതിൽ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്നും ഷിബു ബേബി ജോൺ വിമര്‍ശിച്ചു.
അതേസമയം, ആറ് മാസംകൊണ്ട് കേരളത്തിലെ കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഓരോ ജില്ലകളിലും 2500 വീതം കേഡർമാരെ തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ശൈലിയിലേക്ക് കടക്കുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് പറയേണ്ട അഭിപ്രായങ്ങൾ പരസ്യമാക്കുന്നവർക്ക് അത് വിനയാകുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
“2500 കേഡർമാരെ തെരഞ്ഞെടുക്കും. 1000 പേർ യൂത്ത് കോൺഗ്രസിൽ നിന്നും 1500 പേർ ഐഎൻടിയുസിയിൽ നിന്നും ആയിരിക്കും. ഇവർ പാർട്ടിക്കുവേണ്ടി സമർപ്പിതരാകും. അവരെ യൂണിറ്റുണ്ടാക്കാൻ പരിശീലനം കൊടുത്ത് ഞങ്ങൾ ഇറക്കും. അവർക്ക് ബൂത്തുകൾ അലോട്ട് ചെയ്ത് നൽകും. അവരെ നിയന്ത്രിക്കാൻ അവർക്ക് മുകളിൽ കോൺഗ്രസിന്റെ സംഘം ഉണ്ടാകും.” സുധാകരൻ വ്യക്തമാക്കി.