കൊടുവള്ളി > കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസിലെ മുഖ്യപ്രതി സൂഫിയാന്റെ സഹോദരൻ ജസീറിനെ കൊടുവള്ളി വാവാട് എത്തിച്ച് തെളിവെടുപ്പ് നടത്തി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബെൽഗാമിൽ നിന്നാണ് പ്രത്യേക അന്വേഷക സംഘം ജസീറിനെ പിടികൂടിയത്. ഇയാളോടൊപ്പം കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ പെരുച്ചാഴി ആപ്പു, സലിം എന്നിവരേയും പിടികൂടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ജസീറിനെ ശനിയാഴ്ചാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നത്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ അപകടം നടന്ന വാഹനത്തെ ജസീറും ആപ്പുവുമടങ്ങുന്ന സംഘം മറ്റൊരു വാഹനത്തിൽ അമിതവേഗത്തിൽ പിന്തുടർന്നിരുന്നതായി സിസിടിവി പരിശോധനയിൽ വ്യക്തമായിരുന്നു. ജസീറിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
അപകടം നടന്ന ദിവസം എയർപോർട്ട് പരിസരത്ത് അർജുൻ ആയങ്കി വന്ന വാഹനത്തെ തടഞ്ഞ് വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞതും ജസീറാണ്. പല ഗുണ്ടാ ഓപ്പറേഷനുകൾക്കും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നതായും വിവരമുണ്ട്. തോക്കും കൃത്യത്തിൽ ഉൾപ്പെട്ട വാഹനവും കണ്ടെത്താൻ ജസീറിന്റെ ഭാര്യവീട്ടിലും മറ്റു വിവിധ കേന്ദ്രങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.