തിരുവനന്തപുരം > സംസ്ഥാനത്തെ വാക്സിന് വിതരണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന് നല്കിക്കഴിഞ്ഞു. ഇതനുസരിച്ച് 2,15,72,491 പേര്ക്ക് ആദ്യ ഡോസ് വാക്സിനും 79,90,200 പേര്ക്ക്, അതായത് 27.84% പേര്ക്ക്, രണ്ടാം ഡോസ് വാക്സിനും നല്കിയിട്ടുണ്ട്. ആകെ 2,95,62,691 ഡോസ് വാക്സിനാണ് ഇതുവരെ നല്കിയത്.
മൊത്തം ജനസംഖ്യയെടുത്താല് യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സിന് ലഭിച്ചവരുടെ അനുപാതം. കേരളത്തിന്റെ വാക്സിനേഷന് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന് ഒന്നാം ഡോസ് 40.08 ശതമാനവും (52,10,15,869) രണ്ടാം ഡോസ് 12.06 ശതമാനവുമാണ് (15,67,29,100). സംസ്ഥാനം നടത്തിയ വളരെ ഊര്ജ്ജിതമായ വാക്സിനേഷന് യജ്ഞത്തിലൂടെയാണ് വളരെ കുറഞ്ഞ നാളുകള് കൊണ്ട് ഈയൊരു ലക്ഷ്യം കൈവരിക്കാനായത്.
പരമാവധി പേര്ക്ക് എത്രയും വേഗം വാക്സിന് നല്കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്, ജൂലൈ, ആഗസ്റ്റ് മാസങ്ങളില് മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിന് നല്കിയിട്ടുണ്ട്. വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തില് മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നല്കാനായത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്ക്ക് വീട്ടില് പോയി വാക്സിന് നല്കി കേരളം മാതൃകയായി.
60 വയസിന് മുകളിലുള്ളവര്ക്ക് വാക്സിനേഷന് നല്കാനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. വാക്സിന് രജിസ്റ്റര് ചെയ്യാനറിയാത്തവരെ കൂടി ഉള്പ്പെടുത്തി വാക്സിന് സമത്വത്തിനായി വേവ് (WAVE: Work Along For Vaccine Equity) ക്യാമ്പയിനും ഗര്ഭിണികളുടെ വാക്സിനേഷനായി മാതൃ കവചവും ആവിഷ്ക്കരിച്ച് നടപ്പിലാക്കി.
18 വയസിന് മുകളിലുള്ള മുഴുവന് പേര്ക്കും ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിന് നല്കാനാണ് സംസ്ഥാനം സര്ക്കാര് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന് കേന്ദ്രത്തോട് കൂടുതല് വാക്സിന് നല്കാന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്നിന്ന് വാക്സിന് ലഭിക്കുന്നുണ്ട്. എന്നാല് ചിലയിടത്ത് വാക്സിന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. നാളെ 9,97,570 ഡോസ് വാക്സിന് എത്തുമെന്നാണ് കേന്ദ്രം അറിയിപ്പ് തന്നിട്ടുള്ളത്.
ആരോഗ്യ പ്രവര്ത്തകര്ക്കും കോവിഡ് മുന്നണി പോരാളികള്ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്ക്ക് രണ്ടാം ഡോസും നല്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്ക്ക് ഒന്നാം ഡോസും 48 ശതമാനം പേര്ക്ക് രണ്ടാം ഡോസും നല്കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേര്ക്ക് ഒന്നാം ഡോസ് നല്കിയിട്ടുണ്ട്.
വാക്സിന് വിതരണം മികച്ച രീതിയില് മുന്നോട്ടു കൊണ്ടുപോകാന് സാധിക്കുന്നതിനാല് സാമൂഹിക പ്രതിരോധം അധികം താമസിയാതെ നമുക്ക് ആര്ജ്ജിക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണങ്ങള് കൊണ്ടെല്ലാം കേരളത്തില് രോഗികളുടെ എണ്ണത്തിലുണ്ടായ വര്ദ്ധനവില് വലിയ ആശങ്ക വച്ചു പുലര്ത്തേണ്ടതില്ല എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.