ഉമ്മൻ ചാണ്ടിയെ മറയാക്കി പുറകിൽ നിന്ന് കളിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷണൻ വ്യക്തമാക്കിയത്. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി നേരിട്ട് രംഗത്തുവന്നത്. ഡിസിസി അധ്യക്ഷന്മാരെ ചൊല്ലിയുള്ള തർക്കത്തിൽ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തെ തള്ളപ്പറയാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. ഓരോരുത്തരുടെ അഭിപ്രായങ്ങളാണ് പലതും, അതിനെ കുറിച്ചൊന്നും താൻ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച കോട്ടയത്ത് ഡിസിസി അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിനെതിരെയാണ് തിരുവഞ്ചൂർ രംഗത്തെത്തിയത്. “തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുത്. ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍ നിന്ന് കളിക്കരുത്. തർക്കം ഉണ്ടെങ്കിൽ തർക്കം പറഞ്ഞു തീർക്കണണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ പിന്നിലൊളിക്കുന്ന നിലപാട് ആരും എടുക്കണ്ട. ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയത്തിൽ കൃത്യമായ സ്ഥാനമുണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ട്. ആ സ്ഥാനത്തെ ചോദ്യം ചെയ്യാൻ ആരും ശ്രമിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഈ പ്രശ്നവും തീർക്കുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളിൽ ചെന്നിത്തലയ്ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ അവഗണിക്കുന്ന രീതി ഉണ്ടാകില്ല. ഉമ്മൻചാണ്ടിയെ വിവാദത്തിൽ വലിച്ചിഴക്കുന്നില്ല. എനിക്ക് പബ്ലിസിറ്റി കിട്ടാൻ ഉമ്മൻ ചാണ്ടിയെ ഒരു ഐറ്റം ആക്കാൻ താനില്ലെന്നും തർക്കങ്ങൾ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ എംപി രംഗത്തുവന്നു. കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരേണ്ടെന്നും അവർ വേസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടി വേസ്റ്റ് ബോക്സാണ്. എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാൻ ശ്രമിക്കണം. പാര്‍ട്ടിയില്‍ സമൂലമാറ്റം വേണം. അച്ചടക്കം പല കാലങ്ങളിലും ലംഘിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇനി അങ്ങനെ മുന്നോട്ടുപോകാനാകില്ല. ആരെയും മാറ്റി നിര്‍ത്തരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച കെ മുരളീധരൻ പ്രസിഡന്‍റുമാര്‍ ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുതെന്നും പറഞ്ഞു. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്നും അദ്ദേഹം ആരുടെയും പേരെടുത്ത് പറയാതെ വിമർശിച്ചു.