കണ്ണൂർ: കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ പ്രഖ്യാപനം. ഓരോ ജില്ലയിലും 2500 കേഡർമാരെ വീതം തിരഞ്ഞെടുക്കും. കേഡർമാർക്ക് ബൂത്തുകൾ അനുവദിച്ചു നൽകുമെന്നും ഇവർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.
25,00 കേഡർമാരെ തിരഞ്ഞെടുക്കും. മൂന്ന് വർഷക്കാലത്തേക്ക് 25,00 ആളുകൾ പാർട്ടിക്ക് വേണ്ടി സമർപ്പിതരാകും. 1000 പേർ യൂത്ത് കോൺഗ്രസിൽ നിന്നും 15,00 പേർ ഐഎൻടിയുസിയിൽ നിന്നും. എങ്ങനെയാണ് യൂണിറ്റുണ്ടാക്കുക എന്ന് പരിശീലനം കൊടുത്ത് അവരെ ഞങ്ങളിറക്കും. അവർക്ക് ബൂത്തുകൾ അലോട്ട് ചെയ്ത് കൊടുക്കും. അതിന്റെ മുകളിൽ അവരെ നിയന്ത്രിക്കാൻ മുതിർന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകും,കെ. സുധാകരൻ പറഞ്ഞു.
ഓരോ ജില്ലയിലും കൺട്രോൾ കമ്മീഷൻ എന്ന പേരിൽ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. ഓരോ ജില്ലയിലും അഞ്ചംഗ സമിതിയാണ് പ്രവർത്തനങ്ങൾ പരിശോധിക്കുക. ഇന്ന് കാണുന്ന കോൺഗ്രസായിരിക്കില്ല ആറ് മാസത്തിന് ശേഷം കാണുക എന്ന് അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പ് നൽകി.
Content Highlights:K Sudhakaran on Congress cadres