കാബൂള്‍ > അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ വടക്കന്‍ സഖ്യം ചെറുത്തുനില്‍പ്പ് നടത്തുന്ന പഞ്ച്ശീര്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍. പ്രദേശത്തെ ടെലഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ താലിബാന് തകര്‍ത്തു. എന്നാല്‍ പ്രദേശം പിടിച്ചെടുത്തെന്ന താലിബാന്റെ അവകാശവാദം പഞ്ച്ശീറിലെ വടക്കന്‍ സഖ്യം തള്ളി.
രാജ്യത്ത് ഭരണം പിടിച്ചെടുത്തെങ്കിലും അഫ്ഗാന് കീഴടക്കാനാകാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍. താലിബാന് വിരുദ്ധരായ പ്രദേശവാസികള്‍ക്കൊപ്പം അഫ്ഗാന് സൈന്യത്തിന്റെ ഭാഗമായിരുന്നവരും ചേര്‍ന്നിട്ടുണ്ട്.
ഏറ്റുമുട്ടല്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും ഇരു വിഭാഗങ്ങളോടും മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആവശ്യപ്പെട്ടു.
പ്രദേശം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് താലിബാന് ആഘോഷത്തിനിടെ നടത്തിയ വെടിവെപ്പില്‍ 17 പേര് കൊല്ലപ്പെട്ടതായാണ് വിവരം. 41 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.