കോഴിക്കോട് > ലൈംഗികാധിക്ഷേപത്തിനെതിരെ പരാതി നൽകിയ ഹരിത പ്രവർത്തകർക്ക് മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. വാർത്താസമ്മേളനം നടത്തിയ ശേഷം താനും കടുത്ത മാനസികപീഡനവും വേട്ടയാടലുമാണ് അനുഭവിക്കുന്നത്. എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷനും ലീഗ് നേതൃത്വത്തിനും പരാതി നൽകിയ ഹരിതയുടെ പത്ത് പ്രവർത്തകരും വേട്ടയാടപ്പെടുന്നു.
കുടുംബത്തിലും ജോലി സ്ഥലത്തും സമൂഹത്തിലും നിന്നുമുള്ള അനുഭവങ്ങൾ പറയാനാകാത്തതാണ്. ഇതിനൊന്നും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. വല്ലാത്ത മാനസികാഘാതമാണ് അനുഭവിക്കുന്നത്. താൻ ആഗസ്ത് 18-ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് ഇപ്പോഴും മാറ്റമില്ല. പരാതി നൽകിയവരാണ് മാനസികപീഡനവും വേട്ടയാടലും അനുഭവിക്കുന്നതെന്നതാണ് ശ്രദ്ധേയം.
പരാതിയിൽ തീരുമാനം ഹരിതയുടെ പ്രവർത്തകരുടേത്
വനിതാ കമീഷന് ഹരിതയുടെ പ്രവർത്തകർ നൽകിയ പരാതി പിൻവലിച്ചിട്ടില്ല. പിൻവലിക്കണോ എന്ന് തീരുമാനിക്കേണ്ടത് പത്ത് പ്രവർത്തകരാണ്. അവർക്ക് ലഭിക്കുന്ന നീതിയാണതിൽ പ്രധാനമെന്നും ഫാത്തിമ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.