ന്യൂഡൽഹി
കോവിഡ് മൂലം മരിച്ചെന്ന് സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിക്രമം ലഘൂകരിച്ചുള്ള മാർഗനിർദേശത്തിന് 11നകം രൂപം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. സെപ്തംബർ മൂന്നിനകം മാർഗനിർദേശം പുറത്തിറക്കണമെന്ന് ആഗസ്ത് 16ന് ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഒരാഴ്ചത്തെ സാവകാശംകൂടി തേടി.
കേന്ദ്രം സമയം നീട്ടിക്കൊണ്ടുപോകുന്നതിൽ ജസ്റ്റിസുമാരായ എം ആർ ഷായും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ച് അതൃപ്തി പ്രകടമാക്കി. നിങ്ങൾ മാർഗനിർദേശം തയ്യാറാക്കുമ്പോഴേക്കും മൂന്നാം തരംഗവും കഴിയും–- ബെഞ്ച് അഭിപ്രായപ്പെട്ടു. കോവിഡ് കാരണമാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണമെന്നാണ് കോടതി നിർദേശം.