തിരുവനന്തപുരം
പതിനൊന്നാം സംസ്ഥാന ശമ്പള പരിഷ്കരണകമീഷന്റെ പ്രവർത്തനം അവസാനിച്ചു. ആഗസ്ത് 31 വരെയായിരുന്നു കമീഷന്റെ കാലാവധി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ മോഹൻദാസ് അധ്യക്ഷനായ സമിതിയിൽ റിട്ട. പ്രൊഫസർ എം കെ സുകുമാരൻ, അഡ്വ. അശോക് മാമൻ ചെറിയാൻ എന്നിവരായിരുന്നു അംഗങ്ങൾ. ഏഴു ഭാഗമായാണ് കമീഷൻ റിപ്പോർട്ട് സർക്കാരിന് നൽകിയത്.
ആറു ഭാഗത്തിൽ ശമ്പളവും അലവൻസുകളും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുക -എന്നതായിരുന്നു പ്രതിപാദ്യ വിഷയം. സംസ്ഥാന സർക്കാർ, ഹൈക്കോടതി, സർവകലാശാലകൾ, കേരള വാട്ടർ അതോറിട്ടി, മുനിസിപ്പൽ ശുചീകരണം, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളായിരുന്നു പരിഗണിച്ചത്.
ഏഴാം ഭാഗത്തിൽ കാര്യക്ഷമത, സാമൂഹ്യ ഉത്തരവാദിത്വം, ലിംഗ നീതി തുടങ്ങിയ വിഷയങ്ങളിൽ ശുപാർശകൾ നൽകി. ജീവനക്കാർക്ക് ന്യായമായ വേതനം, സർവീസിൽ ഉയർച്ചയ്ക്കുള്ള സാഹചര്യം, മെച്ചപ്പെട്ട സേവന വ്യവസ്ഥകൾ എന്നിവയിൽ ഊന്നിയുള്ള സമീപനമാണ് കമീഷൻ സ്വീകരിച്ചതെന്ന് അധ്യക്ഷൻ കെ മോഹൻദാസ് പറഞ്ഞു.
എയ്ഡഡ് നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ്
എയ്ഡഡ് സ്കൂളിലെയും കോളേജിലെയും അധ്യാപകരെയും ജീവനക്കാരെയും മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന രീതി വേണമെന്ന് ശമ്പള പരിഷ്കരണ കമീഷൻ. ഇതിനായി മാനേജ്മെന്റ് പങ്കാളിത്തത്തിൽ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളേജസ് രൂപീകരിക്കണം.
പരാതി പരിശോധിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഓംബുഡ്സ്മാനായി സംവിധാനം വേണം. ‘‘സദ്ഭരണം ഉറപ്പാക്കാൻ ഇ -ഗവേണൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആസൂത്രണ ബോർഡ് മാതൃകയിൽ മുഖ്യമന്ത്രി അധ്യക്ഷനായി ഗുഡ് ഗവേണൻസ് ബോർഡ് രൂപീകരിക്കണം. വിവിധ വകുപ്പ് മേധാവികളുടെ നിയമനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ബോർഡ് വേണം. അടുത്ത ശമ്പള പരിഷ്കരണം കേന്ദ്രശമ്പള പരിഷ്കരണത്തിനുശേഷമാകാം.
സഹകരണ ഓഡിറ്റ് ഘട്ടംഘട്ടമായി ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിക്കണം. ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്/പ്യൂൺ/ഓഫീസ് അറ്റന്റന്റ് തസ്തികകളിൽ -ആവശ്യത്തിനനുസരിച്ചേ പുതിയ നിയമനം പാടുള്ളു. പതിനൊന്നാം ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്റെ അവസാന ഭാഗവും സർക്കാരിന് കൈമാറി.