പൊട്ടിത്തെറികളിൽ നിന്ന്കോൺഗ്രസ് ഭിന്നതകളിലേക്ക് പോകരുതെന്ന് പറയുകയാണ് മുൻ എംഎൽഎ പി. സി. ജോർജ്. രമേശ് ചെന്നിത്തല വെറുമൊരു നാലണ നേതാവല്ലെന്നും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലക്ക് ഇനിയും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്ത ഗ്രൂപ്പുകളും പക്ഷക്കാരുമാണെങ്കിലും പ്രതിപക്ഷം ശുഷ്കമായിരിക്കുന്ന ഈ അവസരത്തിൽ ഇനിയും ഇത്തരം തർക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതല്ലെന്നാണ് കേരളത്തിലെ പല കോൺഗ്രസുകാരുടേയും അഭിപ്രായം. പതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളെയൊന്നും കോൺഗ്രസ് ഏറ്റെടുത്തില്ല. അതാണ് കേരളത്തിൽ കോൺഗ്രസിന് പറ്റിയ പിഴവ്. അത് പിണറായിക്ക് രണ്ടാമതും അധികാരത്തിലെത്തുന്നതിന് സഹായിക്കുകയും ചെയ്തു. ഇത്തവണ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഒരേ അച്ചുതണ്ടായി നിൽക്കുകയാണ്. അത് പ്രവർത്തകർക്കിടയിൽ ആവേശം കൊള്ളിക്കും. എന്നാൽ അതിനിടയിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നടന്നാൽ അവർ മോശക്കാരാകും. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പി.സി. ജോർജ് പ്രതികരിക്കുന്നു.
വെറുമൊരു നാലണ നേതാവല്ല രമേശ് ചെന്നിത്തല
വെറുമൊരു നാലണ നേതാവല്ല രമേശ് ചെന്നിത്തല. കാൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന നേതാവാണ്. അന്ന് അദ്ദേഹത്തോടൊപ്പം ഭാരവാഹികളായിരുന്നവരിൽ മമത ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിമാരും ക്യാബിനറ്റ് പദവിയിലെത്തിയവരുമാണ്. കരുണാകരന്റെ കരുണ കൊണ്ടാണ് ഇരുപത്തിയേഴാമത്തെ വയസിൽ രമേശ് ചെന്നിത്തല ഒരു മന്ത്രിയായത്. ഇന്ന് കേരളത്തിലെ കോൺഗ്രസുകാരിൽ പ്രമുഖ സ്ഥാനം അർഹിക്കുന്നവരിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബോധ്യമുള്ള കാര്യമാണ്. കെ പി സി സിക്ക് കൊടുക്കാൻ കഴിയുന്ന എല്ലാ പിന്തുണയും കൊടുത്തുകൊണ്ട് രമേശ് ചെന്നിത്തലയെ ഒപ്പം കൂട്ടുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.
ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വന്നതോടുകൂടി കോൺഗ്രസിന്റെ എ, ഐ ഗ്രൂപ്പുകൾക്കിടയിൽ വലിയ പ്രശ്നമായിട്ടുണ്ട്. എ യുടെ നേതാവ് ഉമ്മൻചാണ്ടിയും ഐയുടെ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് നിന്നില്ലെങ്കിൽ അവർ അവഗണിക്കപ്പെടും എന്നൊരു വികാരം അവർക്കുണ്ട്. അതുകൊണ്ട് അവർ രണ്ട് പേരും കൂടി ഒരുമിച്ച് നിൽക്കുകയാണ്. നേരത്തെ ഇവർ ഇത്തരത്തിൽ ഒരുമിച്ച് നിന്നിരുന്നെങ്കിൽ കോൺഗ്രസിൽ ഇപ്പോഴുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ഡി സി സി പ്രസിഡന്റുമാരുടെ കാര്യം നോക്കിയാൽ നേരത്തെ ഏഴ് ഐ വിഭാഗക്കാരും ഏഴ് എ വിഭാഗക്കാരേയും രണ്ട് പേരും കൂടി ചേർന്ന് തീരുമാനിക്കും. ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല ഉണ്ടായത്.
എന്റെ ഓർമയിൽ ഇതാദ്യമായാണ് ഡി സി സി പ്രസിഡന്റുമാരുടെ കാര്യത്തിൽ ഇത്രയും വിശദമായ ചർച്ച നടക്കുന്നത്. രണ്ടുമൂന്ന് ആഴ്ച മാധ്യമങ്ങളും നേതാക്കന്മാരുമെല്ലാം ചർച്ചചെയ്തു. അങ്ങനെ വലിയ ചർച്ചകൾക്ക് ശേഷമാണ് പതിനാല് ഡി സി സി പ്രസിഡന്റുമാരേയും പ്രഖ്യാപിച്ചത്. അതിൽ അർഹതപ്പെട്ടവർ മാറ്റപ്പെട്ടു പോയിട്ടുണ്ട്. ഇതിൽ പരിഹാരം കാണണം. കെ പി സി സി പുനഃസംഘടിക്കുമ്പോൾ അവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് പോകാൻ കഴിയണം. ആ കാര്യത്തിൽ ശക്തി പ്രാപിക്കാൻ വേണ്ടിയാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽ ഇപ്പോഴുള്ള ഒരുമ എന്നാണ് ഞാൻ മനസിലാക്കുന്നത്.
ഉമ്മൻചാണ്ടി ഇനിയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതിൽ മാന്യതയില്ല
ഉമ്മൻചാണ്ടിയെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. ഉമ്മൻചാണ്ടിയെ എന്നല്ല ആരെ ഒഴിവാക്കി വേണമെങ്കിലും കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയും. നെഹ്റു, ഇന്ദിരാഗാന്ധി അങ്ങനെ എത്ര നേതാക്കളാണ് കോൺഗ്രസിനെ നയിച്ചത്. കാലത്തിന് അനുസരിച്ച് നേതാക്കളും മാറിപ്പോകും. അത്തരത്തിൽ ഉമ്മൻചാണ്ടി പോയാൽ കേരളത്തിലെ കോൺഗ്രസ് ഇല്ലാതാകില്ല. ഉമ്മൻചാണ്ടി ജനസമ്മതിയുള്ള മുതിർന്ന നേതാവാണ്. ഇനിയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതിൽ മാന്യതയില്ല. ഇനി മറ്റുള്ളവർക്ക്അവസരം കൊടുക്കുകയാണ് വേണ്ടത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല |ഫോട്ടോ: മാതൃഭൂമി
പ്രതിപക്ഷം ശുഷ്കമായിരിക്കുന്നു, തർക്കങ്ങൾ അവസാനിപ്പിക്കണം
വ്യത്യസ്ത ഗ്രൂപ്പുകളും പക്ഷക്കാരുമാണെങ്കിലും പ്രതിപക്ഷം ശുഷ്കമായിരിക്കുന്ന ഈ അവസരത്തിൽ ഇനിയും ഇത്തരം തർക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതല്ലെന്നാണ് പല കോൺഗ്രസുകാരുടേയും അഭിപ്രായം. ഇപ്പോൾ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം ഇല്ലെന്നിരിക്കെ ആ കാര്യത്തിൽ അദ്ദേഹം മാന്യത പാലിക്കണമെന്നഅഭിപ്രായമാണ് അദ്ദേഹത്തിന്റെ പക്ഷക്കാരായ കോൺഗ്രസുകാർക്കുള്ളത്.
പിണറായി വിജയനെപ്പോലെ ഒരു കൊള്ളക്കാരൻ കേരളത്തെ പിടിച്ചെടുക്കാൻ ഇറങ്ങിയിരിക്കുമ്പോൾ കോൺഗ്രസ് പരസ്പരം അടി ഉണ്ടാക്കിക്കൊണ്ടിരുന്നാൽ കോൺഗ്രസിന്റെ സ്ഥിതി എന്താകുമെന്ന് ചിന്തിക്കണം. 1965 ൽ കേരള കോൺഗ്രസ് ഉണ്ടായ ആ കാലത്തിന് തുല്യമായി കോൺഗ്രസിൽ സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ്. ഇന്ന് കേരള കോൺഗ്രസ് പല പല കഷ്ണങ്ങളായി മുറിഞ്ഞ് പോയി. അതുപോലെ കോൺഗ്രസ് ശിഥിലീകരിക്കപ്പെട്ടാൽ ഐക്യജനാധിപത്യ മുന്നണി എന്നതിന് പ്രസക്തിയില്ലാതാകും.
രമേശ് ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളൊന്നും കോൺഗ്രസ് ഏറ്റെടുത്തില്ല
കോൺഗ്രസിനുള്ളിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന ഈ പ്രശ്നം പരിഹരിക്കാൻ പറ്റിയ നേതാവ് എന്ന് പറയാൻ ഇവിടെ ഇപ്പോൾ ആരുമില്ല. ഇപ്പോൾ സുധാകരനെടുക്കുന്ന നിലപാടാണ് കോൺഗ്രസിന്റെതെന്ന് പറയാം. ഉമ്മൻചാണ്ടിയടക്കമുള്ളവർക്ക് സുധാകരനോട് എതിർപ്പില്ല. എതിർപ്പുള്ളത് വി ഡി സതീശനോടാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി നിയമസഭയിൽ ഷൈൻ ചെയ്തു. രമേശ് ചെന്നിത്തലയും ഷൈൻ ചെയ്തിരുന്നു. പക്ഷേ പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളെയൊന്നും കോൺഗ്രസ് ഏറ്റെടുത്തില്ല. അതാണ് കേരളത്തിൽ കോൺഗ്രസിന് പറ്റിയ കുഴപ്പം. അത് പിണറായിക്ക് രണ്ടാമതും അധികാരത്തിലെത്തുന്നതിന് സഹായകമാകുകയും ചെയ്തു.
ഇത്തവണ പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ഒരേ അച്ചുതണ്ടായി നിൽക്കുകയാണ്. അത് പ്രവർത്തകരെആവേശം കൊള്ളിക്കും. എന്നാൽ അതിനിടയിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നടന്നാൽ അവർ മോശക്കാരാകും.
രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല തികഞ്ഞ പരാജയമായിരുന്നുവെന്നാണ് കോൺഗ്രസ്കാർ പോലും പറഞ്ഞത്. അങ്ങനെ പറഞ്ഞതായിരുന്നു കോൺഗ്രസിന്റെ ഏറ്റവും വലിയ പരാജയം. അന്ന് ഞാനും സഭയിലുണ്ടായിരുന്ന ആളായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം വലിയ വിജയമായിരുന്നു. പിണറായി വിജയനെ നിർത്തിപ്പൊരിക്കുന്ന കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന ആളാണ് ഞാൻ. പക്ഷേ നിയമസഭക്ക് പുറത്ത് അന്ന് അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസിൽ ആളില്ലായിരുന്നു.
യു ഡി എഫിന്റെ ഐക്യമില്ലായ്മയും കോൺഗ്രസിനുള്ളിലെ ശിഥിലീകരണ പ്രവണതയുമാണ് കഴിഞ്ഞ പ്രതിപക്ഷത്തെ തകർത്തത്. അവിടെ രമേശ് ചെന്നിത്തലയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവിടുത്തെ കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും എല്ലാവരും ഉത്തരവാദികളാണ്. നിയമസഭാ തോൽവിയുടെ ഉത്തരവാദിത്വം കെ പി സി സിക്കും ഡി സിസിക്കുമെല്ലാം ഉണ്ട്. പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കേണ്ടിടത്ത് എല്ലാവരും നോക്കി നിന്ന് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സെമി കേഡർ പാർട്ടിയായാൽ മാത്രമേ ഇനി കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂ
സെമി കേഡർ പാർട്ടിയായാൽ മാത്രമേ ഇനി കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂ. കെ പി സി സി പ്രസിഡന്റ് ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് കരുതുന്നത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ട് തന്നെ സെമികേഡർ അല്ലകേഡർ പാർട്ടി തന്നെയാകാൻ കോൺഗ്രസിന് കഴിയും. എങ്കിൽ മാത്രമേ പാർട്ടിക്ക് രക്ഷയുള്ളൂ. ഈ നിലയിൽ യൂത്ത് കോൺഗ്രസിനേയും ശക്തിപ്പെടുത്തണം. അത്തരത്തിൽ യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് പ്രതീക്ഷിക്കാം.
Content Highlights:P C george supports Ramesh Chennithala and responds on about congress issues