പത്തനംതിട്ട > കോവിഡ് മാനദണ്ഡങ്ങള് കാറ്റില് പറത്തി കോണ്ഗ്രസ്സ് ജില്ലാ
കമ്മിറ്റി ഓഫീസില് പുതിയ ഡിസിസി പ്രസിഡന്റ്റ് സതീഷ് കൊച്ചുപറമ്പലിന് സ്ഥാനാരോഹണം. രാവിലെ 9.30ന് ആരംഭിച്ച ചടങ്ങുകള് ഉച്ചയോടെയാണ് പൂര്ത്തിയായത്. രാഹുകാലം കഴിഞ്ഞ് 12നു ശേഷമെ ഓഫീസിനുള്ളില് പ്രവേശിക്കു എന്ന പുതിയ പ്രസിഡന്റിന്റെ അറിയിപ്പ് മൈക്കിലൂടെ കേട്ടപ്പോള് വന്നവരില് ഭൂരിഭാഗവും വെട്ടിലായി. ചിലര് നെറ്റിചുളിച്ചപ്പോള് മറ്റൊരു കൂട്ടര് കൈയടിച്ചു.
300ല്പരം പ്രവര്ത്തകരാണ് സ്ഥാനാരോഹണ ചടങ്ങില് പങ്കെടുത്തത്. ഡിസിസി ഓഫീസിനു മുന്നില് രാവിലെ തടിച്ചു കൂടിയ പ്രവര്ത്തകരുടെ തോളിലേറിയാണ് പ്രസിഡന്റ്റ് ഹാളിലേക്ക് എത്തിയത്. വേദിയും സദസും തിരിച്ചറിയാന് കഴിയാത്ത ആള്ക്കൂട്ടം. ഇതിനിടയില് ഷാള് അണിയിച്ച് പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാന് അനുയായികളുടെ വേദയിലിലേക്കുള്ള ഓട്ടം. ആന്റോ ആന്റ്റണി എംപി, പി ജെ കുര്യന് തുടങ്ങിയ നേതാക്കള് പങ്കെടുത്ത വേദിയിലാണ് കോവിഡ് പ്രോട്ടോക്കോള് പൂര്ണ്ണമായും ലംഘിക്കപ്പെട്ടത്.
കണ്ടെയ്ന്മെന്റ് സോണായ മുപ്പതാം വാര്ഡിനോട് ചേര്ന്നുള്ള 209-ാം വാര്ഡിലാണ് ഡിസിസി ഓഫീസ് പ്രവര്ത്തിക്കുന്നത്. അതിര്ത്തി പങ്കിടുന്ന ഈ വാര്ഡിലും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതാ നിര്ദ്ദേശം നല്കിയിട്ടുണ്ടങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഹാളില് സാമൂഹ്യ അകലം പാലിക്കാതെയാണ് വന്നവരെ ഇരുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ പത്തനംതിട്ട നഗരസഭയിലെ 11 വാര്ഡുകള് കണ്ടെയിന്മെന്റ്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യവസ്തുക്കള് വില്ക്കുന്ന വ്യാപാരസ്ഥാപനങ്ങള് ഒഴികെ മറ്റൊന്നും പ്രവര്ത്തിക്കുന്നില്ല..