വാഷിങ്ടണ്
ഐഡ ചുഴലിക്കാറ്റിനെത്തുടര്ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും 25 മരണം. ന്യൂയോര്ക്കിന്റെ പല ഭാഗവും വെള്ളത്തിനടിയിലായതിനെ തുടര്ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എട്ട് മരണം റിപ്പോര്ട്ട് ചെയ്തു.
സബ്വേ സ്റ്റേഷനുകളിലും ട്രാക്കുകളിലും വെള്ളം കയറിയതിനാൽ ട്രെയിന് സര്വീസ് നിര്ത്തിവച്ചതായി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. പലയിടത്തും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. നിരവധി കെട്ടിടം തകര്ന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പ്രവര്ത്തനം തുടരുകയാണ്.
അയല്സംസ്ഥാനമായ ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഒരു മരണം റിപ്പോര്ട്ട് ചെയ്തു. ന്യൂജേഴ്സിയിലെ കർനിയിലുള്ള പോസ്റ്റൽ സർവീസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അകത്ത് എത്രപേര് ഉണ്ടായിരുന്നെന്നോ പരിക്കുകളുടെ തീവ്രതയോ അറിവായിട്ടില്ല. ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വിമാനത്താവളങ്ങളും വെള്ളപ്പൊക്കത്തെ തുടര്ന്ന് തുടര്ന്ന് അടച്ചു. ഞായറാഴ്ച, കാറ്റഗറി 4 ചുഴലിക്കാറ്റായി തെക്കന്തീരത്ത് നാശം വിതച്ച ഐഡ, വടക്കോട്ട് നീങ്ങിയതോടെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമായി.