ഓവൽ
ഇംഗ്ലീഷ് പേസർമാർക്കുമുന്നിൽ ഇന്ത്യൻ ബാറ്റിങ്നിര വീണ്ടും പരാജയമായി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 191 റണ്ണിന് പുറത്തായി. വാലറ്റക്കാരൻ ശർദുൾ താക്കൂർ (36 പന്തിൽ 57) നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയുടെ സ്കോർ ഇരുനൂറിന് അടുത്തെത്തിച്ചത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവുമൊത്ത് (10) ശർദുൾ കുറിച്ച 63 റണ്ണാണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ക്യാപ്റ്റൻ വിരാട് കോഹ്–ലി (50) അരസെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി ക്രിസ് വോക്–സ് നാലും ഒല്ലി റോബിൻസൺ മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 2–25 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് നേടി. റോറി ബേൺസും (5) ഹസീബ് ഹമീദുമാണ് (0) പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയായിരുന്നു. ലീഡ്സിൽ ഒന്നാം ഇന്നിങ്സിൽ 78 റണ്ണിന് പുറത്തായ പ്രകടനം ആവർത്തിക്കുമെന്ന് തോന്നിച്ചു. രോഹിത് ശർമ (11), ലോകേഷ് രാഹുൽ (17), ചേതേശ്വർ പൂജാര (4) എന്നിവരെല്ലാം വേഗം കീഴടങ്ങി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജ 10 റണ്ണുമായി മടങ്ങി. അജിൻക്യ രഹാനെ (14) വീണ്ടും നിരാശപ്പെടുത്തി. ക്ഷമയോടെ ഒരറ്റം പിടിച്ചുനിന്ന കോഹ്–ലിക്കും പിഴച്ചു. റോബിൻസൺ ക്യാപ്റ്റനെ പുറത്താക്കി.
ഋഷഭ് പന്ത് (9) മടങ്ങിയശേഷമായിരുന്നു ശർദുളും ഉമേഷും ഒത്തുചേർന്നത്. മൂന്ന് സിക്സറും ഏഴ് ബൗണ്ടറിയും പായിച്ചു ശർദുൾ. മുഹമ്മദ് ഷമിക്കും ഇശാന്ത് ശർമയ്ക്കും പകരമാണ് ഇരുവരും ടീമിൽ ഇടംപിടിച്ചത്.