കൊല്ലം: കൊല്ലം പരവൂരിൽ അമ്മയ്ക്കും മകനുമെതിരേസദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി തന്റെ വലംകൈയാണെന്ന പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിന്ദു കൃഷ്ണ. പാലത്തായിലെയും വാളയാറിലെയും കുഞ്ഞുങ്ങൾക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സൈബർ കുഞ്ഞുങ്ങളുടെ പുതിയ തിരക്കഥയാണിതെന്നും ബിന്ദു കൃഷ്ണ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശിച്ചു.
ഒരു ഡിസിസി പ്രസിഡന്റെന്ന നിലയിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ് വിശ്വാസികൾക്കും തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ അവകാശമുണ്ടെന്നും പൊതുചടങ്ങിൽ വെച്ച് ഫോട്ടോ എടുക്കുന്നവരുടെ ചരിത്രം പഠിക്കാനാകില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കാൻ കൊല്ലത്തെ കോൺഗ്രസ് പാർട്ടി ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും ഈ കേസിലെ പ്രതി ശിക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.
നീതി ലഭിക്കാൻ ആ അമ്മയുടെയും മകന്റെയും ഒപ്പം താൻ ഉണ്ടാകുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് അഭയം തേടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ നിങ്ങൾക്ക് പരാതിയുണ്ടോ എന്ന് ചോദിച്ച കേരളാ പോലീസിനെ പോലെ താൻ പെരുമാറില്ലെന്നും അവർ പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പുതിയ തിരക്കഥ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലത്ത് പരവൂരിൽ സദാചാര ഗുണ്ടായിസം കാണിച്ച കേസിലെ പ്രതി എന്റെ വലംകൈയാണെന്നാണ് പാലത്തായിലെയും, വാളയാറിലെയും കുഞ്ഞുങ്ങൾക്ക് നീതിനിഷേധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സൈബർ കുഞ്ഞുങ്ങളുടെ ഭാഷ്യം. പച്ചക്കള്ളങ്ങൾ എഴുതി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം സൈബർ പ്രവർത്തകർ ശ്രമിക്കുന്നത്.
ഞാൻ വ്യക്തമായി പറയുകയാണ്, സദാചാര ഗുണ്ടായിസ കേസിലെ പ്രതി ആശിഷ് എന്ന വ്യക്തിയെ എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പരിചയവും ഇല്ല. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ എന്ന നിലയിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ് വിശ്വാസികൾക്കും എനിക്കൊപ്പം നിന്ന് ചിത്രം എടുക്കാനുള്ള അവകാശമുണ്ട്. ജില്ലയിലെ കോൺഗ്രസ്സുകാരും പൊതുജനങ്ങളും പല സ്ഥലത്ത് വച്ചും എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാറുമുണ്ട്. ആ രീതിയിൽ പോലും ഈ ഒരു ഫോട്ടോ എടുത്തതായി എന്റെ ഓർമ്മയിൽ ഇല്ല. പൊതുചടങ്ങുകളിൽ വച്ച് ചിത്രം എടുക്കുന്നവരുടെ ചരിത്രം പരിശോധിക്കാൻ കഴിഞ്ഞുവെന്ന് വരില്ല.
ഞാൻ അവർത്തിച്ച് പറയുന്നു. ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കാൻ കൊല്ലത്തെ കോൺഗ്രസ് പാർട്ടി നാളിതുവരെ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല.
ഈ കേസിലെ പ്രതി ശിക്ഷിക്കപ്പെടണം. അതിന് വേണ്ടി ആ അമ്മയുടെയും മകന്റെയും ഒപ്പം ഞാൻ ഉണ്ടാകും. ആ അമ്മയ്ക്കും മകനും പരാതിയില്ലെങ്കിൽ, അഥവാ അവർ പരാതി പിൻവലിച്ചാൽ അക്രമിക്കെതിരെ ബിന്ദുകൃഷ്ണയുടെ പരാതിയുണ്ടാകും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
കണ്ണൂർ ഡിസിസിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിനാൽ നിലവിൽ ഞാൻ കണ്ണൂരിലാണ് ഉള്ളത്.
ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് അഭയം തേടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ നിങ്ങൾക്ക് പരാതിയുണ്ടോ എന്ന് ചോദിച്ച കേരളാ പോലീസിനെ പോലെ ഞാൻ പെരുമാറില്ല. ശ്രീ പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ ആർ.എസ്.എസ് ക്രിമിനലുകൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ആശങ്ക പങ്കുവച്ചത് ഇടതുപക്ഷ മുൻനിര വനിതാ നേതാവ് തന്നെയാണെന്ന് സൈബർ കുഞ്ഞുങ്ങൾ മറക്കണ്ട.
Content Highlights: Bindu krishna slams against allegations on her in paravoor moral policing issue