ഓവൽ
മുറിവുണക്കാൻ ഇന്ത്യ. ലീഡ്സിലെ കനത്ത തോൽവിയിൽനിന്നു തിരിച്ചുവരാൻ വിരാട് കോഹ്–ലിയും സംഘവും ഇന്നിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. അഞ്ച് മത്സര പരമ്പര 1–1ന് തുല്യമാണ്. ഇതിനാൽത്തന്നെ നാലാംമത്സരം നിർണായകമാണ്. പേസർ പ്രസീദ് കൃഷ്ണയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കളിയിൽ ഇന്നിങ്സിനും 76 റണ്ണിനുമാണ് ഇന്ത്യ തോറ്റത്. ഒന്നാം ഇന്നിങ്സിൽ 78 റണ്ണിന് പുറത്തായി നാണംകെട്ടു. ഒരിക്കൽപ്പോലും കളിയിൽ ആധിപത്യം നേടാനായില്ല. ബാറ്റിങ് നിര സ്ഥിരത കാട്ടാത്തതാണ് തലവേദന. ക്യാപ്റ്റൻ കോഹ്–ലിയുടെ നായകത്വവും ബാറ്റിങ്ങും ഒരുപോലെ വിമർശിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകും. പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ആർ അശ്വിനോ ഹനുമാ വിഹാരിയോ ഇറങ്ങിയേക്കും. പേസർമാരിൽ ഇശാന്ത് ശർമയ്ക്കും സ്ഥാനമുറപ്പില്ല. ബാറ്റിങ്ങിൽ പരാജയമായ വെെസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്ക് നിർണായകമാകും ഈ കളി.
ഇംഗ്ലണ്ട് നിര മികവിലാണ്. ക്യാപ്റ്റൻ ജോ റൂട്ട് തന്നെയാണ് കരുത്ത്. ജയിംസ് ആൻഡേഴ്സൺ നയിക്കുന്ന പേസർമാരും ഉജ്വല മികവിലാണ്.