മാഡ്രിഡ്/പാരിസ്/ ലണ്ടൻ
ചരിത്രം കുറിച്ച് കോവിഡ് കാലത്തെ ഫുട്ബോൾ താര കെെമാറ്റ ജാലകം അടഞ്ഞു. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂടുമാറിയ അപൂർവ സീസൺ. ഒപ്പം ഞെട്ടിക്കുന്ന കുറേ താരകെെമാറ്റങ്ങളുമുണ്ടായി. പണമൊഴുക്കിനും കുറവുണ്ടായില്ല.
ഇംഗ്ലീഷ് ക്ലബ്ബുകൾ പണം വാരിയെറിഞ്ഞപ്പോൾ സ്പാനിഷ് ലീഗിൽ തളർച്ച കണ്ടു. വലിയ ചെലവില്ലാതെ വമ്പൻ താരങ്ങളെ സ്വന്തമാക്കി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നേട്ടമുണ്ടാക്കി.ഇംഗ്ലീഷ് ക്ലബ്ബുകൾ ഉദ്ദേശം 10,000 കോടി രൂപ ചെലവാക്കി. ബാഴ്സയുടെ കടം ഇത്രയുംവരും. അവസാനദിവസം ഒൺടോയ്ൻ ഗ്രീസ്മാനെ അത്-ലറ്റികോ മാഡ്രിഡിന് വായ്പയ്ക്ക് നൽകിയാണ് ബാഴ്സ ഞെട്ടിച്ചത്.
പതിനായിരം കോടി രൂപ കടമുള്ള ബാഴ്സയ്ക്ക് താരങ്ങളുടെ വിൽപ്പന മാത്രമായിരുന്നു രക്ഷ. ലയണൽ മെസി കരാർ അവസാനിച്ച് പിഎസ്ജിയിൽ പോയതിൽ തുടങ്ങി അവരുടെ ആദ്യ തിരിച്ചടി. പിന്നാലെ ഗ്രീസ്മാനെ കെെവിട്ടതോടെ പൂർണമായി. 2019ൽ ഏകദേശം 800 കോടി രൂപയ്ക്കാണ് അത്-ലറ്റികോയിൽനിന്ന് ഗ്രീസ്മാനെ ബാഴ്സ സ്വന്തമാക്കിയത്. ഭാവിയിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെങ്കിലും നിലവിൽ വലിയ തിരിച്ചടിയാണ് ബാഴ്സയ്ക്ക്.
സെർജിയോ അഗ്വേറോ, മെംഫിസ് ഡിപെ, എറിക് ഗാർഷ്യ എന്നീ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാനും ആദ്യംകഴിഞ്ഞിരുന്നില്ല. നിലവിലെ കളിക്കാരുടെ ശമ്പളം കുറച്ചാണ് ഒടുവിൽ ഇവരെ ഉൾപ്പെടുത്തിയത്. ഏറെക്കാലം ടീമിനൊപ്പമുണ്ടാകുമെന്ന് ക്ലബ് പ്രസിഡന്റ് യുവാൻ ലപോർട്ട പ്രവചിച്ച എമേഴ്സൺ റോയൽ 29 ദിവസത്തിനുശേഷം ടീമിന് പുറത്തായി. ടോട്ടനം ഹോട്സ്പറിനാണ് എമേഴ്സണെ വിറ്റത്. സെവിയ്യയിൽനിന്ന് ഡച്ച് മുന്നേറ്റക്കാരൻ ലൂക്ക് ഡി യോങ് ബാഴ്സയിലെത്തും.
ഫ്രാൻസിൽ പിഎസ്ജി വൻ നേട്ടമുണ്ടാക്കി. മെസി, സെർജിയോ റാമോസ്, ജോർജിനോ വെെനാൽദം, ജിയാൻല്യൂജി ദൊന്നരുമ്മ, അച്റഫ് ഹക്കീമി എന്നിവർക്കൊപ്പം പ്രതിരോധക്കാരൻ ന്യൂനോ മെൻഡിസിനെയും പിഎസ്ജി കൂടാരത്തിലെത്തിച്ചു. പ്ലാബ്ലാ സറാബിയ സ്പോർടിങ്ങിലേക്ക് ചേക്കേറി.
ഇംഗ്ലീഷ് ലീഗിൽ ചെൽസി നേട്ടമുണ്ടാക്കി. ഇന്റർ മിലാനിൽനിന്ന് റൊമേലു ലുക്കാക്കുവിനെ 994 കോടി രൂപയ്ക്ക് ചെൽസി കൂടാരത്തിലെത്തിച്ചു. അത്-ലറ്റികോയുടെ സോൾ നിഗേസിനെയും കൊണ്ടുവന്നു. മാഞ്ചസ്റ്റർ യുണെെറ്റഡും മികച്ചുനിന്നു. റൊണാൾഡോ, ജയ്ഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരെത്തി. ഉദ്ദേശം 1000 കോടി രൂപ ആകെ മുടക്കി. മാഞ്ചസ്റ്റർ സിറ്റി ജാക് ഗ്രീലിഷിനെ കൊണ്ടുവന്നു. അതേസമയം ടോട്ടനത്തിന്റെ ഹാരി കെയ്നിന് വേണ്ടിയുള്ള സിറ്റിയുടെ ശ്രമം ഫലം കണ്ടില്ല. കെയ്ൻ ടോട്ടനത്തിൽ തുടരും. ആറ് കളിക്കാരെ എത്തിച്ച അഴ്സണലാണ് കൂടുതൽ തുക മുടക്കിയത്. 1427 കോടി രൂപയാണ് അഴ്സണൽ ചെലവിട്ടത്.
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് അവസാന നിമിഷംവരെ പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്ക്കായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡേവിഡ് അലാബ, പതിനെട്ടുകാരൻ എഡ്വേർഡോ കമവിംഗ എന്നിവരെ റയൽ സ്വന്തമാക്കി.കൂടുതൽ തുക ചെലവാക്കിയതിൽ രണ്ടാമത് ഇറ്റാലിയൻ ലീഗാണ്. 4748 കോടി രൂപയാണ് മുടക്കിയത്. ജർമൻ ലീഗ് (3600 കോടി), ഫ്രഞ്ച് ലീഗ് (3321 കോടി), സ്പാനിഷ് ലീഗ് (1981 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ.