തിരുവനന്തപുരം
ക്ഷേമപദ്ധതികളടക്കം വിവിധ സേവനങ്ങളുടെ വ്യക്തിവിവരങ്ങൾ ഒരു കുടക്കീഴിലാക്കുന്നു. ഇതുവഴി നാനൂറിലേറെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും തിരിച്ചറിയാനുമാകും. 34.32 കോടി രൂപ ചെലവിൽ ആദ്യഘട്ട പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അനുബന്ധ സോഫ്റ്റ് വെയർ, ഹാർഡ്വെയർ, മാനവ വിഭവശേഷി എന്നിവ ഉൾപ്പെടുത്തും. ഭരണാനുമതി നൽകാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് അനുവാദം നൽകി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ഓരോ വകുപ്പിലും വെവ്വേറെ നടപടിയാണ്.
ഒറ്റ സംവിധാനം ഏർപെടുത്തുന്നതോടെ ഒന്നിലേറെ ആനുകൂല്യം ലഭിക്കുന്നതും വിവരങ്ങളിലെ അപാകവും ആവർത്തനവും ഒഴിവാക്കാനാകും. കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ചാകും വിവരശേഖരണം. ഒപ്പം അർഹതയില്ലാത്തവർ ആനുകൂല്യം നേടുന്നതും തടയാനാകും. ഒരു സർക്കാർ പദ്ധതിയിലും ഉൾപ്പെടാത്തവരെ കണ്ടെത്താനുമാകും. വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയൽ നമ്പർ നൽകിയാണ് പ്രവർത്തനം. അതത് വകുപ്പ് ആവശ്യപ്പെടുന്ന വിവരം മാത്രമാണ് രജിസ്ട്രിയിൽ ഉൾപ്പെടുത്തുക.