പരവൂർ > കഴിഞ്ഞ ദിവസം പരവൂർ തെക്കുംഭാഗം ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിലെ പ്രതി പൊലീസ് പിടിയിൽ. കോൺഗ്രസ് പ്രവർത്തകൻ പരവൂർ തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷ് ഷംസുവിനെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുശേഷം ഒളിവിൽപോയ ഇയാളെ തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ തെന്മലയിൽനിന്നാണ് പിടികൂടിയത്.
മാരകായുധം കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുക, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോൺഗ്രസ് ന്യൂനപക്ഷ സെൽ നേതാവും കൊല്ലത്തെ ഒരു ഡിസിസി സെക്രട്ടറിയുടെ അടുത്ത ബന്ധുവുമാണ് പിടിയിലായ ആശിഷ്.
പരവൂര് തെക്കുംഭാഗം ബീച്ച് റോഡിൽ തിങ്കളാഴ്ച വൈകിട്ടാണ് എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജിന മൻസിലിൽ ഷംല (44), മകന് സാലു (23)എന്നിവർ ആക്രമണത്തിനിരയായത്. തിരുവനന്തപുരം മെഡിക്കല്കോളേജ് ആശുപത്രിയില് ഷംലയുടെ ചികിത്സ കഴിഞ്ഞു മടങ്ങുംവഴിയാണ് സംഭവം. ബീച്ചിനു സമീപത്തെ കടയിൽനിന്ന് ഭക്ഷണം വാങ്ങി കാറിലിരുന്ന് കഴിക്കാനായി പോകുന്നതിനിടയിൽ ബൈക്കിൽ എത്തിയ ആശിഷ് സദാചാരം ആരോപിച്ച് ഇരുവരെയും ചോദ്യംചെയ്തു. അമ്മയും മകനും ആണെന്നു പറഞ്ഞപ്പോൾ തെളിവു കാട്ടണമെന്ന് ആവശ്യപ്പെട്ടു.
ആക്രമണം ഭയന്ന് സാലു കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ആശിഷ് കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് കാറിന്റെ ചില്ല് അടിച്ചുതകർത്തു. കാറിൽനിന്ന് ഇറങ്ങിയ സാലുവിനെ കമ്പിവടി കൊണ്ട് മാരകമായി മർദിച്ചു. വലതുകൈക്കും തോളിലും പരിക്കേറ്റു. ആക്രമണം തടയാനെത്തിയ ഷംലയെയും ആക്രമിച്ചു. വലതു കൈക്കും തോളിനുമാണ് പരിക്ക്.
സ്ഥലത്തുണ്ടായിരുന്ന ആരും അക്രമം തടയാൻ ശ്രമിച്ചില്ല. തുടർന്ന് പരവൂർ പൊലീസ് സ്റ്റേഷനിലെത്തി ഷംല പരാതി നൽകി. രാമറാവു ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഷംല വനിതാ കമീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. തെക്കുംഭാഗം ബീച്ച് കേന്ദ്രീകരിച്ച് സ്വർണവും പണവും തട്ടുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആക്രമണത്തിനിരയാകുന്ന പലരും ഭയന്ന് വിവരം പുറത്തുപറയാറില്ല.