“വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു.” എന്നാണ് ടി സിദ്ദിഖിന്റെ പരിഹാസം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയിൽ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയെന്ന വാർത്തയോടാണ് ടി സിദ്ദിഖിന്റെ പ്രതികരണം. സിനിമയിൽ നിന്നും പിന്മാറുന്ന കാര്യം സ്ഥിരീകരിച്ചതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
നിർമ്മാതാവുമായുള്ള തർക്കത്തെത്തുടർന്നാണ് സിനിമയിൽ നിന്നും ആഷിഖ് പിന്മാറിയത്. കഴിഞ്ഞ വർഷമാണ് ‘വാരിയംകുന്നൻ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ സംഘപരിപാർ വൃത്തങ്ങൾ നടൻ പൃഥ്വിരാജിനെതിരെ കനത്ത സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു. വാരിയംകുന്നത്ത് ഹിന്ദു വിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും സംഘപരിവാർ ആരോപിച്ചു. ഹിന്ദു ഐക്യവേദി അടക്കം പൃഥ്വിരാജിനോട് സിനിമയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൈബർ ആക്രമണം തങ്ങളെ ബാധിക്കില്ലെന്നായിരുന്നു ആഷിഖ് അബു പ്രതികരിച്ചത്.
കൂടാതെ സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസിനെതിരെയും വിമർശനം ഉയർന്നു. കുറേ വർഷങ്ങൾക്കു മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിമർശനത്തിന് ഇടയാക്കിയത്. പോസ്റ്റ് സ്ത്രീവിരുദ്ധമാണെന്നായിരുന്നു പ്രധാന ആക്ഷേപം. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നുന്ന കാര്യങ്ങളിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു റമീസിന്റെ പ്രതികരണം. ശേഷിക്കുന്നവ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തതോ ദുർവ്യാഖ്യാനങ്ങളോ ആണെന്നായിരുന്നു സിനിമയിൽ നിന്നും പിന്മാറുന്നുവെന്ന് വ്യക്തമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ റമീസ് പറഞ്ഞത്.
ഇതിനു ശേഷം സിനിമയെക്കുറിച്ച് വാർത്തകളൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് സിനിമകളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ടത്. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നൻ’, ഇബ്രാഹിം വേങ്ങര സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്’, കൂടാതെ അലി അക്ബറുടെ സിനിമയും പ്രഖ്യാപിക്കപ്പെട്ടിരുന്നു.