തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാസാമൂഹ്യക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനം രൂപികരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ആദ്യഘട്ടമായി 34.32കോടി രൂപ ചെലവിൽ അനുബന്ധ സോഫ്റ്റ്വെയർ, ഹാർഡ്വെയർ, മാനവ വിഭവശേഷി എന്നിവ ഉൾപ്പെടെയുള്ള ആധാർ വാൾട്ട് ( Aadhaar Vault ) സംവിധാനം ഒരുക്കും. റീ-ബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിലാകും പദ്ധതി നടപ്പിലാകുക. ഇതിന് മന്ത്രിസഭാ യോഗത്തിൽ തത്വത്തിലുള്ള അനുമതി നൽകി.
നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികൾ സംസ്ഥാനത്തുണ്ട്. ഇവയുടെ നിർവഹണത്തിനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പുകൾക്കും വെവ്വേറെ നടപടി ക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കൽ, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങൾ, ആവർത്തനം, പല സ്രോതസ്സുകളിൽ നിന്ന് എടുക്കുന്നതുമൂലം വിവര ശേഖരത്തിന് ഏകീകൃത രൂപം ഇല്ലായ്മ, കൃത്യമായ തീരുമാനം എടുക്കുന്നതിന് സഹായകമായ ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പലപ്രശ്നങ്ങളും നിലവിലുണ്ട്.
ഇതിന് പരിഹാരം കാണാൻ കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തിൽ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.
സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവിരങ്ങൾ ഒറ്റ സ്രോതസ്സിൽ നിന്ന് ലഭിക്കുന്നതോടെ എല്ലാ സർക്കാർ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാനാകും. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയാനും സഹായകമായ ഒറ്റ സ്രോതസ്സായിഈ രജിസ്ട്രി പ്രയോജനപ്പെടുത്താം.
ഒരു സർക്കാർ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്തവരുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയൽ നമ്പർ നൽകും. അതാത് വകുപ്പുകൾ ആവശ്യപ്പെടുന്ന നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങൾ മാത്രമാണ് രജിസ്ട്രിയിൽ നൽകുക.
Content Highlights: System to identify the beneficiaries of multiple social welfare schemes to be implemented















