എല്ലാവരുമായി ചർച്ച നടത്തി പാർട്ടിയെ വർക്കിങ് മോഡിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയുമായി നിരന്തരം ചർച്ചകൾ നടത്താറുണ്ട്. ഉമ്മൻ ചാണ്ടിയുമാലുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. തന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാന ഘടകമാണെന്നും സിദ്ദിഖ് പറഞ്ഞു. എ ഗ്രൂപ്പിൽ നിന്നും അകന്നതായുള്ള പ്രചാരണം മറ്റു ചിലർ പ്രചരിപ്പിക്കുന്നതാണ്. ഉമ്മൻ ചാണ്ടിക്കൊപ്പം അടിയുറച്ചു നിൽക്കും- സിദ്ദിഖ് പറഞ്ഞു.
Also Read:
“കോൺഗ്രസിൽ പുനഃസംഘടന നടക്കുന്ന സമയത്ത് പല രീതിയിലുള്ള വൈഷമ്യങ്ങൾ ഉണ്ടാകും. അതൊക്കെ സമയാ സമയങ്ങളിൽ പരിഹരിക്കുക എന്നുള്ളതാണ് അതിന്റെയൊരു രീതി. ഉമ്മൻ ചാണ്ടിയുമായി നേരത്തെ മുതൽ നിരന്തരം ചർച്ച നടത്തുന്നതാണ്. ഇന്നും കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. ദൈനംദിന രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണ് ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ച. ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം വൈകാരികമാണ്. അതിലൊരു ഇടർച്ചയും തളർച്ചയും ഒരിക്കലും സംഭവിക്കില്ല.” ടി സിദ്ദിഖ് പറഞ്ഞു.
നേരത്തെ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രം സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തിയത്. സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ ചതിച്ചെന്നും സിദ്ദിഖ് വഞ്ചകനാണെന്നും പ്രവർത്തകർ ആരോപിച്ചു.
എന്നാൽ “കരുണാകാരന് പാര വെച്ചവർക്കൊക്കെ കിട്ടുന്നുണ്ട്. സിദ്ദിക്കും ആ വലയത്തിൽ കുറെ കാലം കറങ്ങിയതല്ലേ. ഇപ്പോൾ ആ വലയം ഹൈക്കമാന്റ് ആറ്റം ബോംബിട്ടു തകർത്തുകൊണ്ടിരിക്കുമ്പോൾ പതുക്കെ ഉൾവലിയുന്നു.” എന്നാണ് പ്രവർത്തകരിൽ ഒരാൾ ചിത്രത്തോട് പ്രതികരിച്ചത്.
ഉമ്മൻ ചാണ്ടിയെ ധിക്കരിച്ച് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലുള്ള പ്രവീൺ കുമാറിനെ സിദ്ദിഖ് പിന്തുണച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രം സിദ്ദിഖിന് പങ്കുവെയ്ക്കേണ്ടി വന്നത്.
അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതിയുമായി എ,ഐ ഗ്രൂപ്പുകൾ. കേരളത്തിലെ ഡിസിസി പുനഃസംഘടന താരിഖ് അൻവർ മോശമായാണ് കൈകാര്യം ചെയ്തതെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു. താരിഖ് അൻവറിന്റെ പ്രവർത്തനത്തിലുള്ള അതൃപ്തി ഹൈക്കമാന്റിനെ അറിയിക്കും.
കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. ഇന്നത്തെ പ്രതിസന്ധിക്കുള്ള ഏക പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്ന് നേതാക്കൾ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച രാജ് മോഹൻ ഉണ്ണിത്താനെതിരെ നടപടി വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. അച്ചടക്ക നടപടിയിൽ കെപിസിസി ഇരട്ട നീതി നടപ്പാക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു. കെപിസിസി സെക്രട്ടിറിയായിരുന്ന പി എസ് പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോൾ ഉണ്ണിത്താനെതിരെ ചെറുവിരൽ അനക്കിയില്ലെന്നാണ് നേതാക്കളുടെ പരാതി.