തിരുവനന്തപുരം: സി.പി.എം നേതാവ് വി.കെ മധുവിനെ തരംതാഴ്ത്തും. അരുവിക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് മധുവിനെ തരംതാഴ്ത്തുക.
പാർട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം. വി.കെ മധുവിന്റെ ഘടകമായ ജില്ലാ കമ്മിറ്റിയിൽ അന്തിമ തീരുമാനം കൈക്കൊള്ളും. അരുവിക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിതുര ഏര്യസെക്രട്ടറി എൻ. ഷൗക്കത്തലിയാണ് മധുവിനെതിരേ പരാതി നൽകിയത്.
അരുവിക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ആദ്യം തീരുമാനിച്ചത് വി.കെ മധുവിനേയായിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന നിലയിൽ പുറത്തെടുത്ത മികവാണ് മധുവിനെ പരിഗണിക്കാൻ തീരുമാനിച്ചത്. എന്നാൽ സാമുദായിക കാരണങ്ങൾ കൂടി പരിഗണിച്ച് നാടാർ സമുദായത്തിൽ നിന്നുള്ള സ്റ്റീഫനെ സിപിഎം ഇവിടെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് അനൗദ്യോഗികമായ പ്രചാരണം ആരംഭിച്ച മധുവിന് ഇത് തിരിച്ചടിയാവുകയും ചെയ്തു.
ഇതോടെ സ്റ്റീഫൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം ആവർത്തിച്ച് ക്ഷണിച്ചിട്ടും മധു പങ്കെടുത്തില്ല. സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനം, വാഹന പര്യടനത്തിന്റെ ഉദ്ഘാടനം ഒപ്പം എ.വിജയരാഘവൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് ആലോചനായോഗം എന്നിവയിൽ നിന്ന് വി.കെ മധു വിട്ടുനിന്നിരുന്നു. മധുവിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് മൂന്നംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. സി.ജയൻ ബാബു, സി അജയകുമാർ, കെ.സി വിക്രമൻ എന്നിവരടങ്ങുന്ന കമ്മിഷന്റേതാണ് കണ്ടെത്തൽ.
Content Highllights: Disciplinary action against CPM leader VK Madhu regarding assembly poll campaign