കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിന് സമീപം സദാചാരഗുണ്ടയുടെ ആക്രമണത്തിനിരയായ അമ്മയുടേയും മകന്റേയും ഞെട്ടൽ ഇനിയും മാറിയിട്ടില്ല. കാറിലിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ ആയുധവുമായി എത്തി അമ്മയേയും മകനേയും ആക്രമിച്ച കേസിൽ പ്രതി ആഷിക് ഒളിവിലാണ്. തന്നേയും മകനേയും ആക്രമിച്ചത് കണ്ടുനിന്ന ഒരാൾ പോലും വിഷയത്തിൽ ഇടപെട്ടില്ലെന്നും എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ ഷംല പറയുന്നു.
സംഭവം ഇങ്ങനെ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംലയും മകൻ സാലുവും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ പാഴ്സൽ വാങ്ങി വാഹനം വഴിയരികിൽ നിർത്തുകയായിരുന്നു. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുൻപ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. കാറിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ചപ്പോൾ അമ്മയും മകനുമാണെന്ന് പറഞ്ഞെങ്കിലും അക്രമി തെളിവ് ചോദിക്കുകയായിരുന്നു.
ഷംലയെ തലമുടിയിൽ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. തടയാനെത്തിയ മകനെ അസഭ്യം പറഞ്ഞ് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തിൽ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. മകന്റെ കയ്യിൽ എന്തോ ഒരു ആയുധം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. കൈയിലെ ഞരമ്പിൽ മുറിവ് പറ്റുകയും ആറ് സ്റ്റിച്ച് ഇടുകയും ചെയ്തു.
തങ്ങൾ അമ്മയും മകനുമാണെന്ന് നെറ്റിയിൽ എഴുതി നടക്കാൻ കഴിയുമോയെന്നും അക്രമിയെ തടയാൻ കണ്ടുനിന്നവർ പോലും ശ്രമിച്ചില്ലെന്നും ഷംല പറയുന്നു. പോലീസിൽ ഇവർ പരാതി നൽകുമെന്ന് മനസ്സിലാക്കിയ പ്രതി ആഷിക് തന്റെ ആടിനെ ഇവരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചുവെന്ന് ഒരു കള്ളപ്പരാതിയും നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ആഷികിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Content Highlights: Moral policing victims mother and son explains what happened to them