കോഴിക്കോട്: ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ പേര് വെളിപ്പെടുത്തുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് കാലിക്കറ്റ് സർവകലാശാല. വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർഥി സമർപ്പിച്ച അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഈ വിചിത്ര വിശദീകരണമുള്ളത്. അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ നൽകിയ മാർക്കുകളുടെ വിശദാംശങ്ങളും മറ്റുമായിരുന്നു ഡോ. ബിന്ദു എം.പി. എന്ന ഉദ്യോഗാർഥി വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്.
കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവശദാംശങ്ങളാണ് ഡോ. ബിന്ദു തേടിയത്. ബിന്ദുവിന്റെ അപേക്ഷയ്ക്ക് ആദ്യം സർവകലാശാല മറുപടി നൽകിയിരുന്നില്ല. പിന്നീട് ഇവർ സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകി. ഈ അപ്പീലിന് ശേഷം ബിന്ദുവിന് വിഷയത്തിൽ ബിന്ദുവിന് മൂന്ന് മറുപടികൾ ലഭിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി-സർവകശാലയുടെ വിശദീകരണം, സർവകലാശാല രജിസ്ട്രാറുടെ മറുപടി, വൈസ് ചാൻസലറുടെ ഓഫീസിൽനിന്നുള്ള മറുപടി എന്നിവയാണ് ലഭിച്ചത്.
ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ ഉദ്യോഗാർഥികൾക്ക് എത്ര മാർക്ക് വീതം നൽകി എന്നറിയാനായിരുന്നു ബിന്ദുവിന്റെ ശ്രമം. എന്നാൽ പേരും മറ്റു വ്യക്തി വിവരങ്ങളും ഉൾപ്പെടുന്ന വിശാദാംശങ്ങളും പുറത്തുവിടാൻ കഴിയില്ലെന്നും അങ്ങനെ പുറത്തുവിട്ടാൽ അത് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങളുടെ ജീവനും ശാരീരിക സുരക്ഷിതത്വത്തിനും ഭീഷണിയാണെന്ന മറുപടിയാണ് സർവകലാശാല നൽകിയത്.
ഇന്റർവ്യൂ ബോർഡിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുള്ളതായി അപേക്ഷയിൽ ആരോപിച്ചിരുന്നില്ല. സർവകലാശാല അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിനു വേണ്ടിയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ച് അപേക്ഷ സമർപ്പിച്ചത്. ഇതിനാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്. ഇന്റർവ്യൂ ബോർഡിലെ അംഗങ്ങളുടെ ജീവന് ഇത് ഏത് രീതിയിലുള്ള ഭീഷണിയാകുന്നതെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ മറുപടി ലഭിച്ച പശ്ചാത്തലത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടർനടപടിയുമായി ഉദ്യോഗാർഥി മുന്നോട്ടുപോകും.
content highlights:revealing name of interview board members is a threat to their life- calicut university