തിരുവനന്തപുരം
സോളാർ ലൈംഗിക പീഡന കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷകസംഘം ക്രൈംബ്രാഞ്ചിൽനിന്ന് കേസിന്റെ രേഖകൾ ഏറ്റുവാങ്ങി. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ, തോമസ് കുരുവിള എന്നിവർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇരയുടെ പരാതിയിൽ സംസ്ഥാന സർക്കാരാണ് രണ്ട് കേസും സിബിഐക്ക് വിട്ടത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ച തന്നെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇരയുടെ പരാതി.
അബ്ദുള്ളക്കുട്ടിക്കെതിരെയും മറ്റ് പ്രതികൾക്കെതിരെയും വെവ്വേറെ എഫ്ഐആറാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽവച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും കോൺഗ്രസ് എംഎൽഎ ആയിരുന്ന അബ്ദുള്ളക്കുട്ടി മാസ്കറ്റ് ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി.
നിലവിൽ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുട്ടി. അടുത്ത ദിവസം അന്വേഷകസംഘം ഉദ്യോഗസ്ഥരിൽനിന്ന് വിവരം ശേഖരിക്കും. തുടർന്ന് പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം പ്രതികളെ ചോദ്യം ചെയ്യും.