കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാർഥികൾക്കുവേണ്ടി കോടതിയുടെ ഇടപെടൽ. സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക്ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് കോടതി നിർദേശിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതിപറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
വിദ്യാർഥികളുടെ പ്രശ്നത്തിൽ പരിഹാരം കാണുന്നതിന് ഇടപെടൽ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിർദേശിച്ചു. ഓൺലൈൻ പഠനസൗകര്യം ആർക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ ക്ളാസുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് കോടതിആവശ്യപ്പെട്ടു.
പഠനസൗകര്യങ്ങൾ ഇല്ലാത്ത കാര്യം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമായി ചേർന്ന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. ഇതിലൂടെസ്കൂളുകൾക്കും കുട്ടികൾക്കും തങ്ങളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയും. വ്യക്തികളും സ്ഥാപനങ്ങളും വിദേശമലയാളികളും അടക്കം സഹായങ്ങൾ ചെയ്യാൻ കഴിയുന്നവർക്ക് സഹായം ഉറപ്പാക്കാൻ കഴിയുന്ന സുതാര്യമായ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.
ഈ ആഴ്ചതന്നെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. അപ്പോൾ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Content Highlights:Children should not miss online classes due to lack of phones- High Court