കോഴിക്കോട് > ഉമ്മൻചാണ്ടിക്കൊപ്പമുള്ള പടം പങ്കിട്ട ടി സിദ്ദിഖിന് നേരെ എ ഗ്രൂപ്പുകാരുടെ പൊങ്കാല. ഉമ്മൻചാണ്ടിയെ ചതിച്ചുവെന്നും വഞ്ചകനെന്നും മറ്റും കടുത്ത ഭാഷയിലാണ് വിമർശനങ്ങൾ. സിദ്ദിഖ് എ ഗ്രൂപ്പിന് പുറത്താണെന്നും ഉമ്മൻചാണ്ടിയുമായി അകന്നെന്നും വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ഫോടോ ഫേസ്ബുക്കിലിട്ടത്. ഇതേ പടം പ്രൊഫൈലുമാക്കി.
താൻ വിശ്വസ്തനാണെന്ന് കാട്ടാനായിരുന്നു നേതാവിനൊപ്പമുള്ള പടം ചേർത്തത്. എന്നാൽ പടത്തിനടിയിൽ എ ഗ്രൂപ്പ് പ്രവർത്തകർ എണ്ണിയെണ്ണി ആക്ഷേപവും അമർഷവും രേഖപ്പെടുത്തിയിരിക്കയാണ്. വി ഡി സതീനെ പിന്തുണച്ചതിന് വർക്കിംഗ് പ്രസിഡന്റ്പദം, ഇനി അടുത്ത ലക്ഷ്യമെന്താ നേതാവെ എന്ന പരിഹാസവുമുണ്ടിതിൽ. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പിൽ കാലുമാറിയ സിദ്ദിഖ് ഇപ്പോൾ എ ഗ്രൂപ്പിന് പുറത്താണ്. രമേശ് ചെന്നിത്തലയെ പിന്തുണക്കാതെ വി ഡി സതീശനൊപ്പം ചേർന്നതോടെ ഉമ്മൻചാണ്ടിയുമായി പഴയ ബന്ധം നഷ്ടമായി. ഒടുവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റായി ഉമ്മൻചാണ്ടി നിർദ്ദേശിച്ച ബാലകൃഷ്ണ കിടാവിനെ സിദ്ദിഖ് വെട്ടിയതാണ് പരസ്യപ്രതികരണത്തിന് എ വിഭാഗശത്ത നിർബന്ധിതമാക്കിയത്.
ഐ ഗ്രൂപ്പുകാരനായ കെ പ്രവീൺകുമാറിനെയായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റായ സിദ്ദിഖ് പിന്തുണച്ചത്. പതിനഞ്ച്വർഷമായി എഗ്രൂപ്പ് നിലനിർത്തിയ ജില്ല സിദ്ദിഖിന്റെ ആശീർവ്വാദത്തിൽ നഷ്ടമായതിൽ നേതാക്കളിൽ പ്രതിഷേധമുണ്ട്. തനിക്ക് ഗ്രൂപ്പില്ലെന്ന സിദ്ദിഖിന്റെ വിശദീകരണവും പ്രതിഷേധത്തിനടയാക്കി. ഗ്രൂപ്പിന്റെ ബലത്തിൽ എംഎൽഎ യായശേഷം ഇപ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്ന് നേതാക്കൾ വിമർശിക്കയുണ്ടായി.