കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹികപീഡനം കാരണമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവും വീട്ടുകാരും മർദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് സുനീഷ, സഹോദരന് അയച്ച ശബ്ദരേഖ പുറത്തെത്തി.
കഴിഞ്ഞദിവസമാണ് സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും നിരന്തരമായി ഉപദ്രവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
മകൾക്ക് ഭർതൃവീട്ടിൽ നിരന്തരം പീഡനമേൽക്കേണ്ടിവരുന്നുഎന്ന് ചൂണ്ടിക്കാണിച്ച് സുനീഷയുടെ അമ്മ ഈ മാസം അഞ്ചാംതീയതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ ഘട്ടത്തിൽ രണ്ടുകുടുംബങ്ങളെയും പോലീസ് വിളിച്ചുവരുത്തുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതിനു പിന്നാലെയാണ് സുനീഷ ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
content highlights:woman commits suicide in husbands house, family alleges domestic violence