കോഴിക്കോട്: സ്ത്രീകളെ മയക്കുമരുന്ന് റാക്കറ്റിലെത്തിക്കുന്ന സംഘം കോഴിക്കോട് കേന്ദ്രീകരിച്ച് സജീവമാകുന്നുവെന്ന് പോലീസ്. റെയ്ഡുകൾ ഉണ്ടാവില്ലെന്ന് ഉറപ്പുള്ളതിനാൽ ദിവസങ്ങളോളം നഗരത്തിൽ മുറിയോ വീടോ എടുത്താണ് സംഘം സജീവമാകുന്നത്. പലരും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറികൾ ബുക്ക് ചെയ്യുന്നത്. പിന്നെ മയക്കുമരുന്ന് ബിസിനസ് നടത്തുകയാണ് രീതി. ഇത്തരത്തിൽ ഒരു മാസത്തിനിടെ മാത്രം സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിൽ നിന്ന് പിടികൂടിയത് 22 കിലോ കഞ്ചാവും 380 ഗ്രാം ഹാഷിഷ് ഓയിലും 50 ഗ്രാം എം.ഡി.എം.എ.യും രണ്ട് ആഡംബര കാറുകളുമാണ്.
കഴിഞ്ഞദിവസം കുന്ദമംഗലത്ത് പിടിയിലായ തൃശ്ശൂർ, പാലക്കാട് സ്വദേശികളും ഇത്തരത്തിൽ ദമ്പതികളായി അഭിനയിച്ചാണ് ചേവരമ്പലത്ത് വീട് വാടകയ്ക്കെടുത്തത്. അങ്ങനെ കഞ്ചാവ് വിൽപ്പന എളുപ്പമാക്കുകയും ചെയ്തു. ഇവർ രണ്ട് മാസമായി ചേവരമ്പലത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. ബ്യൂട്ടീഷ്യൻ ആണെന്ന് പറഞ്ഞ് ആഡംബര ജീവിതം നയിച്ച് ആർക്കും സംശയമില്ലാതെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ഇവർ ലോക്ഡൗൺ കാലത്തും നിരവധി തവണ കോഴിക്കോട്ടും പുറത്തും വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഈ മാസം ആദ്യമായിരുന്നു മാവൂർ റോഡിലെ മറ്റൊരു ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ വില വരുന്ന സിന്തറ്റിക്ക് മയക്ക് മരുന്നുകളുമായി മലപ്പുറം സ്വദേശിനിയായ യുവതിയും സംഘവും പോലീസിന്റെ വലയിലായത്. ഇവിടേയും സംഘാംഗങ്ങൾ ഹോട്ടലിൽ മുറിയെടുത്തത് ദമ്പതികളാണെന്ന വ്യാജേന ആയിരുന്നു. സ്ത്രീകൾ കൂടെയുണ്ടെങ്കിൽ പോലീസ് പരിശോധനയിൽ നിന്നും രക്ഷനേടാം എന്ന് കണ്ടാണ് സംഘങ്ങൾ സ്ത്രീകളെ വലയിലാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
മയക്കുമരുന്ന് കടത്തിനും സ്ത്രീകളെ കൂടെ കൂട്ടുന്നത് ഗുണകരമാകുന്നുണ്ട് ഇത്തരം സംഘങ്ങൾക്ക്. നഗരത്തിലെ പല ഹോട്ടലുകളിലും മയക്കുമരുന്ന് വിൽപ്പനയും അനാശാസ്യ പ്രവർത്തനവും നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ പിടിയിലായവർ സഞ്ചരിച്ച കാറിൽ അഡ്വക്കേറ്റിന്റെ ചിഹ്നം പതിപ്പിച്ചായിരുന്നു യാത്ര. ഇത് പോലീസ് പരിശോധനയിൽ നിന്നും രക്ഷനേടാനായിരുന്നു.
കുന്ദമംഗലത്ത് കഞ്ചാവുമായി പിടിയിലായ പ്രതികളെ കുരുക്കിയത് ഡൻസാഫിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിലാണ്. തൃശ്ശൂർ സ്വദേശി ലീന കോഴിക്കോട്ടും മറ്റ് ജില്ലകളിലും കഞ്ചാവെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ആളാണെന്ന് നേരത്തേ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനാൽ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു.ചേവരമ്പലത്ത് വാടകവീട്ടിൽ കഴിയുകയായിരുന്ന ഇവർ തിങ്കളാഴ്ച വയനാട്ടിലേക്ക് പോകുമെന്ന വിവരം സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സംഘത്തിൽപ്പെട്ട എ.എസ്.ഐ.മാരായ എം. മുഹമ്മദ് ഷാഫി, എം.സജി, എസ്.സി.പി.ഒ.മാരായ അഖിലേഷ്, ജോമോൻ, എം. ജിനേഷ് എന്നിവർ കഴിഞ്ഞ രാത്രി മുഴുവനും ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നു.
പുലർച്ചെയാണ് ഇവരുടെ സഞ്ചാരമെന്നതിനാൽ ഉറക്കമൊഴിഞ്ഞാണ് സംഘം നീക്കങ്ങൾ ശ്രദ്ധിച്ചത്. വിവരം കുന്ദമംഗലം പോലീസിനെയും അറിയിച്ചിരുന്നു.കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അബ്ദുറഹിമാൻ, എസ്.സി.പി.ഒ. വിജേഷ്, സി.പി.ഒ.മാരായ മുനീർ, ദീപക്, മിഥുൻ, ഷിബു, വനിതാ സി.പി.ഒ.മാരായ സഫീറ, ബനിഷ, ഹോംഗാർഡ് ബാബു എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.
Content Highlights: including women in Rackets is the new trend in drugs case says Police