തിരുവനന്തപുരം
ഡിസിസി അധ്യക്ഷരുടെ പട്ടികയ്ക്കുപിന്നാലെ കോൺഗ്രസിലുണ്ടായ കലാപത്തിൽ ഉമ്മൻചാണ്ടിയെ കൈവിട്ട് മനോരമയും. ചരിത്രത്തിലാദ്യമായാണ് കോട്ടയം പത്രം മാനസപുത്രനായ ഉമ്മൻചാണ്ടിക്ക് നേരെ മുഖം തിരിക്കുന്നത്. ഹൈക്കമാൻഡ് പറഞ്ഞതായി റിപ്പോർട്ട് ചെയ്ത തിങ്കളാഴ്ചത്തെ പ്രധാന വാർത്ത ഉമ്മൻചാണ്ടിക്കുള്ള മനോരമയുടെകൂടി സന്ദേശമായിരുന്നു.
‘നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്, ഇതാണ് മാറ്റം ’ എന്ന വാർത്തയിൽ ‘എല്ലാ തീരുമാനവും നിങ്ങളോട് ചോദിക്കേണ്ട കാര്യമില്ല, കോട്ടയത്തെ തീരുമാനത്തിൽ അവസരം നൽകി, പുതിയ നേതൃത്വത്തിന് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ തയ്യാറാകണം’ –- എന്ന കൃത്യമായ സന്ദേശമാണ് നൽകിയത്. അകത്തെ പേജുകളിലും വലിയ പ്രാധാന്യം കൊടുത്തില്ല.
ഉമ്മൻചാണ്ടി കള്ളം പറഞ്ഞുവെന്ന് കാണിക്കാൻ ഡയറി പുറത്തുവിട്ട കെ സുധാകരന്റെയും ഗ്രൂപ്പ് പറയുന്നത് കേൾക്കില്ലെന്ന് പറഞ്ഞ വി ഡി സതീശന്റെയും വാർത്തകൾക്കാണ് പ്രാധാന്യം. മനോരമ ചാനലാകട്ടെ ‘ഉമ്മൻചാണ്ടി ഇനി കുഴപ്പത്തിനൊന്നും പോകില്ലെന്ന്’ തിങ്കളാഴ്ച രാവിലെ വാർത്ത കൊടുത്തു. തിരുവനന്തപുരത്ത് എത്തിയ ഉമ്മൻചാണ്ടിയാകട്ടെ, സുധാകരൻ പറഞ്ഞത് ശരിയല്ലെന്നും ഡയറി പുറത്തു കാണിച്ചത് തെറ്റാണെന്നും ആഞ്ഞടിച്ചു.