തിരുവനന്തപുരം
അച്ചടക്കഭീഷണിയും ഹൈക്കമാൻഡ് പേടിപ്പെടുത്തലും ഏശാതെ കോൺഗ്രസിൽ കലാപം പടരുന്നു. തിങ്കളാഴ്ചയും പോരിനുറച്ച് ഉമ്മൻചാണ്ടി വീണ്ടും കളംനിറഞ്ഞു. ഉമ്മൻചാണ്ടിയും കെ സുധാകരനും തമ്മിലുള്ള നേർയുദ്ധമായി തർക്കം വഴിമാറി. സമുദായ സമവാക്യങ്ങളും ഉയർന്നതോടെ ഗ്രൂപ്പുപോര് പുതിയ മാനം കൈവരിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാനില്ലെന്ന് വ്യക്തമാക്കി എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടത് കനത്ത ആഘാതമായി. കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന്റെ സസ്പെൻഷൻ തിങ്കളാഴ്ച പുറത്താക്കലിലെത്തി. പത്തനംതിട്ടയ്ക്കു പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിലും കരിങ്കൊടി ഉയർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. യുഡിഎഫ് യോഗം ബഹിഷ്കരിക്കുമെന്ന് ആർഎസ്പിയും വ്യക്തമാക്കിയതോടെ മുന്നണിയും ആടിയുലയുന്നു.
മൂലയ്ക്കിരിക്കില്ല
പ്രതികരണവിലക്ക് കാറ്റിൽ പറത്തി ഉമ്മൻചാണ്ടി വീണ്ടും സുധാകരനെതിരെ പ്രതികരിച്ചത് ഹൈക്കമാൻഡിനെയും ഞെട്ടിച്ചു. താൻ നിർദേശിച്ച പേരുകളുള്ള ഡയറി സുധാകരൻ പുറത്തുകാണിച്ചത് ശരിയായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനനഷ്ടം ഭയന്ന് രമേശ് ചെന്നിത്തല നിശ്ശബ്ദനായിരുന്നെങ്കിലും മനസ്സിലിരിപ്പ് ഐ ഗ്രൂപ്പുനേതാക്കൾ തുറന്നടിച്ചു. ‘ഈ നേതൃത്വം പാർടിയെ നശിപ്പിക്കുമെന്ന് ’ ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്താത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സനും തന്റെ നിർഭയമായ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഗ്രൂപ്പുകളെ മൂലയ്ക്കിരുത്താമെന്ന വ്യാമോഹം വേണ്ടെന്ന സന്ദേശമാണ് നേതാക്കൾ നൽകിയത്.
കീഴ്പ്പെടുത്താൻ ഭീഷണി
പട്ടികയിൽ ഇനി ചർച്ചയില്ലെന്നും വഴിതടഞ്ഞാൽ ആരാണെന്ന് നോക്കില്ലെന്നുമാണ് കെ സുധാകരന്റെ മുന്നറിയിപ്പ്. മുതിർന്ന നേതാക്കളാണെങ്കിലും നേരിടുമെന്നാണ് മുന. സസ്പെൻഷൻ ആറുമാസത്തേക്കെന്ന് വ്യക്തമാക്കി കെ പി അനിൽകുമാറിനും ശിവദാസൻ നായർക്കും സുധാകരൻ നോട്ടീസ് നൽകി. പി എസ് പ്രശാന്തിന്റെ സസ്പെൻഷൻ തിങ്കളാഴ്ച പുറത്താക്കലിലെത്തി. ചൊവ്വാഴ്ച രാജി പ്രഖ്യാപിക്കാനിരിക്കെ പി എസ് പ്രശാന്തിനെ പുറത്താക്കിയത് പക്ഷെ മുഖം രക്ഷിക്കലായി.
പരാതിപ്പട
കെ സുധാകരൻ, വി ഡി സതീശൻ അച്ചുതണ്ടിനെതിരെ ഹൈക്കമാൻഡിന് പരാതിപ്പട. ഡിസിസി അധ്യക്ഷന്മാരിൽ ന്യൂനപക്ഷ പ്രാതിനിധ്യമില്ലെന്ന് മലബാറിൽനിന്ന് എ, ഐ ഗ്രൂപ്പ് നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. തന്നെ സസ്പെൻഡ് ചെയ്തത് എന്തിനെന്ന ചോദ്യവുമായി കെ പി അനിൽകുമാറും പരാതി നൽകി. കെ സി വേണുഗോപാൽ കോൺഗ്രസിന്റെ അന്തകനെന്നും പാലോട് രവിയെ മാറ്റിയില്ലെങ്കിൽ പാർടി വിടുമെന്നും പി എസ് പ്രശാന്ത് കത്തുനൽകി.
യുഡിഎഫ് യോഗത്തിൽ ആർഎസ്പി പങ്കെടുക്കില്ല
കോൺഗ്രസിലെ തമ്മിലടി തുടരുന്ന സാഹചര്യത്തിൽ അടുത്ത യുഡിഎഫ് യോഗം ബഹിഷ്കരിക്കുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുകാരണം കോൺഗ്രസിലെ തമ്മിലടിയാണ്. അത് നിർത്താൻ അവർ തയ്യാറല്ല. കോൺഗ്രസിന്റെ കൂടെ നിൽക്കുന്നവരും നാറുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ നാലിനു ചേരുന്ന സംസ്ഥാന കമ്മിറ്റിയി യുഡിഎഫ് ബന്ധം ചർച്ച ചെയ്യും.
മലപ്പുറം ഡിസിസി ഓഫീസിലും കരിങ്കൊടി
ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിനുപിറകെ കോൺഗ്രസ് ജില്ലാ ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം. മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തിൽ പാർടി പതാക താഴ്ത്തിക്കെട്ടിയാണ് കറുത്ത കൊടി ഉയർത്തിയത്. രാവിലെ ഓഫീസ് ജീവനക്കാരെത്തി കരിങ്കൊടി നീക്കി.
വി എസ് ജോയിയെ ഡിസിസി പ്രസിഡന്റാക്കിയതിൽ എ, ഐ ഗ്രൂപ്പുകൾക്കുള്ള എതിർപ്പാണ് പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഐ ഗ്രൂപ്പിൽനിന്ന് കെ സി വേണുഗോപാൽ പക്ഷത്തേക്ക് കൂറുമാറിയ എ പി അനിൽകുമാറിനെതിരെ ഡിസിസി ഓഫീസ് പരിസരത്തും കലക്ടറേറ്റിലും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിസിസി ഓഫീസിലും പാർടി കൊടിക്ക് മുകളിൽ പ്രവർത്തകർ കരിങ്കൊടി ഉയർത്തി.