എൻഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗിച്ചത്. ഇവിടെ മാത്രം
അനുസരിച്ച് 5227 മനുഷ്യര്‍ ഇരകളായി. അവരുടെ വേദനകള്‍ ഇപ്പോഴും തുടരുന്നു.
ദുരിതബാധിതരെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനികളും സര്‍ക്കാരുകളും ഒഴിഞ്ഞുമാറുകയാണ്. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബങ്ങളും.
ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് ദിവസം ഫേസ്ബുക്കിലൂടെ എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന അവഗണന തുറന്നുപറയുകയാണ് കാസര്‍കോട് അമ്പലത്തറ സ്വദേശി മുനീസ. എൻഡോസള്‍ഫാന്‍ ഇരയായ മുനീസ, കാഴ്ച്ച വൈകല്യം നേരിടുന്ന വ്യക്തികൂടെയാണ്.
മുനീസ അമ്പലത്തറ
സമയം മലയാളം പ്രതിനിധി
ഭദ്ര ചന്ദ്രനോട് സംസാരിക്കുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഭദ്ര ചന്ദ്രന്: മുനീസ, ഫേസ്ബുക്കില്‍ ലൈവ് ചെയ്യാനുള്ള കാരണം എന്തായിരുന്നു. എന്താണ് നിലവില്‍ കാസര്‍കോട് ജില്ലയിലെ എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രതിസന്ധി?
മുനീസ അമ്പലത്തറ: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പതിനേഴോളം ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉണ്ട്. പക്ഷേ, പല ആശുപത്രികളും അവഗണന കാണിക്കുകയാണ്. ഇതില്‍ ഏറ്റവും അവസാന ഉദാഹരണമാണ് കാസര്‍കോട് സ്വദേശിയായ കൃപയുടെത്.
ജന്മനാ കണ്ണിന് കാഴ്ചയില്ലാത്ത കൃപയെ ചെക്കപ്പിന് വേണ്ടി ജൂലൈ 14ന് ആയിരുന്നു കെ.എം.സി ആശുപത്രിയില്‍ കൊണ്ടുപോയത്. തിമിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ജൂലൈ 21-ാം തീയതി ശസ്ത്രക്രിയക്ക് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം സര്‍ജറിക്ക് കുട്ടിയെ തയാറാക്കി. പക്ഷേ, സര്‍ജറിക്ക് മുമ്പ് 25,000 രൂപ ഫീസ് അടയ്ക്കണമെന്ന് ആശുപത്രിക്കാര് ആവശ്യപ്പെട്ടു.
സൗജന്യ ചികിത്സ ഉണ്ടെന്ന അറിവ് വച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ഡി.പി.എം ഓഫീസുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ജറിക്ക് വേണ്ട എല്ലാ കാര്യങ്ങളും ആശുപത്രിയില്‍ തയ്യാറാണെന്ന് ഡി.പി.എം ഓഫീസ് രക്ഷിതാക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തിയ രക്ഷിതാക്കളോട് ഡോക്ടര്‍മാര്‍ പറഞ്ഞത് കുട്ടിക്ക് സര്‍ജറി ചെയ്യാന്‍ പറ്റില്ലെന്നും കുട്ടിയുടെ ആരോഗ്യ സ്ഥിതി ശരിയല്ലെന്നുമാണ്.
എന്നാല്‍, അവരുടെ പരസ്പരമുള്ള സംഭാഷണത്തില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് മനസിലായത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള ചികിത്സാധനം സര്‍ക്കാര്‍, ആശുപത്രിക്ക് നല്‍കിയിട്ടില്ല എന്നാണ്. മാത്രമല്ല സര്‍ജറി നടത്തിയാലും ആശുപത്രിക്ക് പണം കിട്ടാന്‍ വൈകുമെന്ന ആശങ്കയും ആശുപത്രി അധികൃതര്‍ക്ക് ഉണ്ടായിരുന്നു എന്നുമാണ്. പിന്നീട് സര്‍ജറി വേണ്ട എന്ന മനസോടെ കുട്ടിയെ കൊണ്ട് അവര്‍ വീട്ടിലേക്ക് മടങ്ങി.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് സ്ഥിരമായി ഒരു പരിഹാരം നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?
മുനീസ അമ്പലത്തറ: കാസര്‍കോട് ജില്ലയില്‍ നല്ല ചികിത്സാസംവിധാനം ഉണ്ടായിരുന്നെങ്കില്‍ മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും പോയി ഇത്തരം അവഗണനകള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വരില്ലായിരുന്നു. ആരോഗ്യരംഗത്ത് ഏറ്റവും പിന്നില്‍ നില്ക്കുന്ന ജില്ലയാണ് കാസര്‍കോട്. 2012ല്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിച്ചുകൊണ്ട് ഉത്തരവായതാണ്. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടുകയും ചെയ്തു.
2016ല്‍ 300 കിടക്കകളോടുകൂടിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഒന്നും തന്നെ നടന്നില്ല. പിന്നീട് പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ വന്നു. ഇക്കാലമായിട്ടും മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. ഇന്നും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വെറും സ്വപ്നമായി മെഡിക്കല്‍ കോളേജ് തുടരുന്നു.
എന്‍ഡോസള്‍ഫാന്‍ ബാധിതരോടുള്ള സര്‍ക്കാരിന്റെ, അധികൃതരുടെ സമീപനം എന്താണ്?
മുനീസ അമ്പലത്തറ: 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാര്‍ട്ടിക്കാരും വന്ന് നിരവധി വാഗ്ദാനങ്ങള്‍ തന്നു. 2021ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരാളും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. മാത്രമല്ല, ഞങ്ങളുടെ പേരുപോലും ആരും പരാമര്‍ശിച്ചിട്ടില്ല.
ഒരിക്കലും രാഷ്ട്രീയപരമായി ഈ വിഷയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല.
മഹിളാ അസോസിയേഷന്, ഡി.വൈ.എഫ്.ഐ തുടങ്ങിയ നിരവധി യുവജനസംഘടനകള്‍ സമരം ചെയ്യുന്നവരെ സഹായിക്കാന്‍ എത്തിയിരുന്നു. മാത്രമല്ല, വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതി ഉള്ളവരായിരുന്നിട്ടുപോലും ഞങ്ങള്‍ക്ക് ഒപ്പം നിന്നിട്ടുള്ള രണ്ട് വ്യക്തികളായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനും കോൺഗ്രസ് നേതാവ് വി.എം സുധീരനും. അന്നത്തെ കാലത്തെല്ലാം ഭരണപക്ഷം ഞങ്ങളെ മറന്നാലും ഓര്‍മ്മിക്കാന്‍ പ്രതിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്.
നേരത്തെ ഉണ്ടായിരുന്ന ജില്ലാ കളക്ടറില്‍ നിന്നും ഈ വിഭാഗത്തിന് വലിയ അവഗണന ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 32 വര്‍ഷത്തോളം കിടക്കയില്‍ കിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ അദ്ദേഹം മംഗളം വാരികയിലെ കഥാപാത്രം എന്നാണ് വിശേഷിപ്പിച്ചത്. ഞങ്ങള്‍ക്ക് വേണ്ടി എഴുതുകയും ഞങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ള അംബികാസുതന്‍ മാഷിന്റെ (എഴുത്തുകാരന്) പേര് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
പിന്നീട് ഇതുവരെയും അദ്ദേഹത്തെ കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഞങ്ങളെ കഥാപാത്രങ്ങളായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. അവിടെ കൊടുക്കുന്ന നിവേദനങ്ങള്‍ പോലും തള്ളിക്കളുന്ന അവസ്ഥയാണ്. മഞ്ഞും മഴയും കൊണ്ട് സമരം ചെയ്താണ് ഒരോരുത്തരും അവരവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത്. എന്നിട്ട് കളക്ട്രേറ്റിലേക്ക് ചെല്ലുമ്പോള്‍ ഓരോ അമ്മമാരേയും അവര്‍ വിളിക്കുന്നത് സര്‍ക്കാരിന്റെ അധിക ബാധ്യത എന്നാണ്.
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസം എവിടെയെത്തി?
മുനീസ അമ്പലത്തറ: കാലങ്ങളായി ഞങ്ങള്‍ ഉന്നയിക്കുന്ന ഒരു ആവശ്യമാണ്, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളേയും അവരുടെ കുടുംബത്തേയും പുനരധിവസിപ്പിക്കണം എന്നത്. ഇതിന്റെ ഭാഗമായി 2012ല്‍ അന്നത്തെ കാസര്‍കോട് ലോക്സഭ മണ്ഡലം എം.പിയായിരുന്ന പി. കരുണാകരന്റെ നേതൃത്വത്തില്‍, ദേശീയതലത്തിലെ പ്രമുഖരടക്കം പങ്കെടുത്ത വലിയ ശില്പശാല സംഘടിപ്പിച്ചിരുന്നു.
പിന്നീട് 2014ല്‍ അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന എം.കെ മുനീറിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നിരവധി തവണ ശില്പശാലകളും മറ്റും സംഘടിപ്പിച്ചിരുന്നെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല.
100 ഏക്കര്‍ സ്ഥലം പുനധിവാസത്തിന് വേണ്ടി വിട്ടുകൊടുക്കാമെന്നും മാനസീക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്കൂളിന്റെ നിര്‍മ്മാണത്തിന് മൂന്ന് ഏക്കര്‍ സ്ഥലം വിട്ടുതരാമെന്നും പി.സി.കെ യുടെ ചെയര്‍മാനായിരുന്ന വര്‍ഗീസ് ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍, അധികാരികള്‍ ആരും തന്നെ വര്‍ഗീസ് ജോസഫിനെ കണ്ട് സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറായില്ല എന്നതാണ് സത്യം.
തുടര്‍ന്ന്, ഒട്ടും സൗകര്യമില്ലാത്ത, ശുദ്ധജലം പോലും ലഭിക്കാത്ത മൂളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് 2020ല്‍ പുനരധിവാസത്തിന് തറക്കല്ലിടുകയുമാണ് ചെയ്തത്. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇവിടെ ജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളെ ഓര്‍ത്ത് വിഷമമാണ്. നാളെ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികള്‍ തനിച്ചാകും എന്നാണ് അവരുടെ സങ്കടം. ഇതിന് വേണ്ടിയാണ് പുനരധിവാസം വേണമെന്ന് നിരന്തരം മുറവിളികൂട്ടുന്നത്.
എൻഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരങ്ങള്‍ തുടരുകയാണോ?
മുനീസ അമ്പലത്തറ: 1980കളില്‍ തുടങ്ങിയ സമരപരിപാടികള്‍ ഇന്നും തുടരുകയാണ്. 2012 മുതല്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. കാസര്‍കോട് കളക്ട്രേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും 2020വരെ സമരം നടത്തിയിരുന്നു.
സമരം ഓരോ വഴിത്തിരിവുകളില്‍ എത്തുമ്പോളും എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരുമായ നിരവധി ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന്റെ ഫലമായി ചെറിയ ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും പല ഘട്ടങ്ങളിലും ഞങ്ങളുടെ നിവേദനങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും കാറ്റില്‍ പറത്തുമ്പോള്‍ വീണ്ടും സമര മുഖത്തേക്ക് ഇറങ്ങേണ്ട അവസ്ഥയാണ്.
പെന്ഷന് ലിസ്റ്റില്‍ 511 കുട്ടികളെ ഒരു വര്‍ഷം മുമ്പ് ഉള്‍പ്പെടുത്തിയിട്ടും ആറ് മാസമായിട്ടും നടപടിയാകാത്തതിനെ തുടര്‍ന്ന് പെന്ഷന് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ലോക്ക് ഡൗൺ സമയത്ത് പോലും വീട്ടിലിരുന്നുകൊണ്ട് സമരം മുന്നോട്ട് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് വീട്ടുകരോടൊപ്പം കുട്ടികളുടെ ഫോട്ടോയും എടുത്ത് അധികാരികള്‍ക്ക് അയച്ചു കൊടുക്കുകയും പിന്നീട് ഒരു മാസത്തിന് ശേഷം പെന്ഷന് ലഭിക്കുകയുമാണ് ഉണ്ടായത്. അതിനര്‍ത്ഥം, സമരം ചെയ്യാതെ ഒന്നും ഞങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയില്ല എന്നാണ്.
എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
മുനീസ അമ്പലത്തറ: ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനായാണ് സെൽ രൂപീകരിച്ചിരുന്നത്. 2011ലെ സെല്ലിന്റെ ചെയര്മാന് ആയിരുന്നത് അന്നത്തെ കൃഷിമന്ത്രി മോഹനന് ആയിരുന്നു. പിന്നീട് 2016ല്‍ അന്നത്തെ റവന്യൂ മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരനായിരുന്നു സെല്ലിന്റെ ചെയര്‍മാനായിരുന്നത്. 2016 മുതല്‍ ഞാനും ഈ സെല്ലിലെ അംഗമാണ്.
രണ്ട് മാസം കൂടുമ്പോള്‍ അംഗങ്ങളെ വിളിച്ച് ചേര്‍ത്ത് ചര്‍ച്ചകള്‍ നടത്തണമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. ആദ്യം യോഗങ്ങളും പ്രവര്‍ത്തനങ്ങളും നടന്നിരുന്നെങ്കിലും ഇപ്പോള്‍ പത്ത് മാസമായിട്ട് സെല്ലിന്റെ ഒരു വിവരവും അറിയുന്നില്ല. പുതിയ ഗവണ്മെന്റ് വന്നതിന് ശേഷം സെൽ തന്നെ ഇല്ല എന്ന് പറയുന്നതാകും നല്ലത്. കാരണം, സര്‍ക്കാര്‍ മാറുമ്പോള്‍ സെല്‍ ചെയര്‍മാനും മാറാറുണ്ട്. ഇത്തവണ അത്തരം കാര്യങ്ങളോ യോഗങ്ങളോ നടന്നിട്ടില്ല.
എൻഡോസൾഫാന്‍ ഇരകള്‍ക്ക് കൊവിഡ് വാക്സിന് ലഭിക്കുന്നുണ്ടോ?
മുനീസ അമ്പലത്തറ: കൊവിഡ് സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ബുദ്ധിമുട്ടിലാണ്. ജില്ലയില്‍ ആശുപത്രി സൗകര്യം ഇല്ലാത്തതിനാല്‍ തന്നെ മറ്റു ജില്ലകളിലേക്കും മംഗലാപുരത്തേക്കും കുട്ടികളെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. മാത്രമല്ല, അതിര്‍ത്തി കടക്കുമ്പോള്‍ ആര്.ടി.പി.സി.ആര് റിസള്‍ട്ടും മറ്റും ചോദിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് വിഷമകരമായി സാഹചര്യമാണ് ഉണ്ടാക്കുന്നത്.
കുട്ടികളെയും കൊണ്ട് അടിക്കടി ആശുപത്രികളില്‍ പോകേണ്ട അവസ്ഥയില്‍ വലിയ തുക നല്കി എപ്പോഴും കൊവിഡ് ടെസ്റ്റ് നടത്തുക എന്നത് കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും പ്രയാസമാണ്. അത്തരത്തില്‍ ചികിത്സ കിട്ടാതെ നാല് കുട്ടികളാണ് മരണപ്പെട്ടത്. എന്നാല്‍, ഇത് വാര്‍ത്തയാവുകയോ ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുകയോ ചെയ്തിട്ടില്ല.
ഭിന്നശേഷിക്കാരായ മുവുവന്‍ ആളുകള്‍ക്കും കിടപ്പുരോഗികള്‍ക്കും കൊവിഡിനെതിരെയുള്ള വാക്സിന് വീട്ടില്‍ വന്ന് കൊടുക്കും എന്ന് അറിയിച്ചിരുന്നു. പക്ഷേ, ഇന്നുവരെ ആര്‍ക്കും വീട്ടില്‍ വന്ന് വാക്സിന് നല്‍കിയിട്ടില്ല എന്നാണ് എന്റെ അറിവ്.
****