പാലക്കാട്> ഡിസിസി പുനഃസംഘടനയോട് യോജിക്കാനാകാതെ പ്രമുഖ നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥ് കോൺഗ്രസ് പാർടി വിട്ടു. പ്രസ്ഥാനത്തിലെ നേതാക്കളിൽ വിശ്വാസമില്ലാതായിയെന്നും അതിനാൽ പ്രാഥമികാംഗത്വം രാജിവെയ്ക്കുകയാണെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരിങ്ങോട്ടുകുരിശ്ശി ത്രീ സ്റ്റാർ ഓഡിറ്റോറിയത്തിൽ പ്രാദേശിക നേതാക്കൾക്കൊപ്പമാണ് വാർത്തസമ്മേളനം നടത്തിയത്.
സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാനാകില്ല. ഇത്രയും നാൾ ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കുയായിരുന്നു. ഇപ്പോൾ പ്രതീക്ഷ കൈവിട്ടിരിക്കുന്നു. പ്രതീക്ഷക്കൊത്ത് നേതാക്കൾക്ക് ഉയരാൻ കഴിയുന്നില്ല. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയിൽ തടസ്സമാകാനില്ല. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുകയാണ് നല്ലതെന്നും എ വി ഗോപിനാഥ് പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടി എച്ചിൽ നക്കിയ ശീലമില്ല. ഇത്രയും നാൾ കോൺഗ്രസുകാരനായിരുന്നു. ഈ നിമിഷം മുതൽ അതല്ലാതായിരിക്കുന്നു. മനസിൽ നിന്ന് ആ ആശയങ്ങൾ ഇറങ്ങിപോകാൻ സമയമെടുക്കും. ഭാവി തീരുമാനങ്ങൾ പിന്നീട് തീരുമാനിക്കും. ഒരു പാർടിയോടും അയിത്തമില്ലെന്നും ഗോപിനാഥ് പറഞ്ഞു.
പാലക്കാട് ഡിഡിസി പ്രസിഡന്റായി എ തങ്കപ്പനെയാണ് തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എ വി ഗോപിനാഥിന് ഡിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകാരനും ഉമ്മൻചാണ്ടിയും വാഗ്ദാനം ചെയ്തിരുന്നതായിരുന്നു.