ന്യൂഡൽഹി: ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി കളിച്ചിരുന്ന ബിന്നി ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും 14 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
“ക്രിക്കറ്റ് എന്റെ രക്തത്തിലൂടെ ഒഴുകുന്നതാണ്, ഇപ്പോൾ കളിക്കാരൻ എന്നതിൽ നിന്നും മാറി പരിശീലകൻ ആകാൻ ആഗ്രഹിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ്,” സ്റ്റുവർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു.
ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഏകദിന ബോളിങ് പ്രകടനത്തിന്റെ റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014-ൽ ധാക്കയിൽ വച്ച് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 4.4 ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ബിന്നി സ്വന്തമാക്കിയത്.
95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബിന്നി കർണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ധോണിക്ക് കീഴിൽ 2014ൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു ബിന്നിയുടെ അരങ്ങേറ്റം. 2016 ലാണ് ബിന്നി അവസാന രാജ്യാന്തര മത്സരം കളിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 459 റൺസും 24 വിക്കറ്റുകളുമാണ് ബിന്നിയുടെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും ബിന്നി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ നിന്നും 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം.
The post ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നി വിരമിച്ചു appeared first on Indian Express Malayalam.