ദുബായ്: ഏഷ്യൻ ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വലിയ നേട്ടം. ദുബായിൽ അവസാനിച്ച ടൂർണമെന്റിൽ എട്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇതിൽ പകുതിയിൽ അധികം മെഡലുകൾ നേടിയത് പെൺകുട്ടികൾ ആണെന്നതും ശ്രദ്ധേയമാണ്.
ഫൈനലിൽ മത്സരിച്ച പത്ത് പെൺകുട്ടികളിൽ ആറ് പേർ സ്വർണം നേടിയപ്പോൾ നാല് പേർ വെള്ളി മെഡൽ നേടി. ആൺകുട്ടികളിൽ മൂന്ന് പേർ ഫൈനൽ കളിച്ചതിൽ രണ്ടു പേർ സ്വർണം നേടി.
മെഡൽ പട്ടികയിൽ ഇന്ത്യ ശക്തരായ കസാഖിസ്ഥാന്റെ ഒപ്പമെത്തി. കരുത്തരായ ഉസ്‌ബെക്കിസ്ഥാനുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.
രോഹിത് ചമോലി (48 കിലോഗ്രാം), ഭരത് ജൂൺ (+81 കിലോഗ്രാം), വിഷു രതീ (പെൺകുട്ടികൾ 48 കിലോഗ്രാം), തനു (പെൺകുട്ടികൾ 52 കിലോഗ്രാം) എന്നിവരാണ് ആദ്യം സ്വർണ്ണ മെഡൽ നേടിയവർ. ഞായറാഴ്ച നികിത ചന്ദ് (60 കിലോഗ്രാം), മഹി രാഘവ് (63 കിലോഗ്രാം), പ്രഞ്ജൽ യാദവ് (75 കിലോഗ്രാം), കീർത്തി (+81 കിലോഗ്രാം) എന്നിവരും സ്വർണം നേടി.
കസാക്കിസ്ഥാന്റെ ശുഗൈല റൈസെബെക്കിനെതിരെ 4-1 സ്കോറിനാണ് കീർത്തി ജയിച്ചത്. 63 കിലോഗ്രാം വിഭാഗത്തിൽ കസാഖിസ്ഥാന്റെ അൾജീരിം കബ്‌ഡോൾഡയ്‌ക്കെതിരെ 3-2ന് ആയിരുന്നു രാഘവിന്റെ ജയം.
നികിത ചാന്ദ് കസാക്കിസ്ഥാന്റെ അസെം തനാട്ടറിനെയാണ് മറികടന്നത്, മറ്റൊരു കസാഖ് താരത്തെ 4-1ന് ആണ് പ്രഞ്ജൽ യാദവ് പരാജയപ്പെടുത്തിയത്.
70 കിലോഗ്രാം വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാന്റെ ഒയിഷ ടോയ്‌റോവയ്‌ക്കെതിരെ 1-4 നും സഞ്ജന 81 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ ഉമിത് അബിൽകൈറിനെതിരെ 0-5 നുമാണ് തോറ്റത്. 57 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ ഉൽസാൻ സർസെൻബെക്കിനെതിരെ 0-5ന് തോൽവി വഴങ്ങിയാണ് വെള്ളി മെഡൽ നേടിയത്.
പെൺകുട്ടികളുടെ സെമി ഫൈനലിൽ പുറത്തായ ദേവിക ഘോർപഡെ (50 കിലോഗ്രാം), ആർസൂ (54 കിലോഗ്രാം), സുപ്രിയ റാവത്ത് (66 കിലോഗ്രാം) എന്നിവരും ആൺകുട്ടികളുടെ അവസാന റൗണ്ടിൽ പുറത്തായ ആശിഷ് (54 കിലോഗ്രാം), അൻഷുൽ (57 കിലോഗ്രാം), അങ്കുഷ് (66 കിലോഗ്രാം) എന്നിവർക്കുമാണ് ആറ് വെങ്കല മെഡലുകൾ ലഭിച്ചത്.
2019 ൽ യുഎഇയിലെ ഫുജൈറയിൽ നടന്ന അവസാന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ 21 മെഡലുകളാണ് സ്വന്തമാക്കിയത്. ആറ് സ്വർണം, ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി മൂന്നാം സ്ഥാനത്തായിരുന്നു.
The post ഏഷ്യൻ ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എട്ട് സ്വർണം appeared first on Indian Express Malayalam.