എ.വി. ഗോപിനാഥിന്റെ കോൺഗ്രസിൽനിന്നുള്ള രാജി, അത് കയ്യുംവീശിയുള്ള ഒരു ഇറങ്ങിപ്പോക്കല്ല. കോൺഗ്രസിന്റെ പൊന്നാപുരംകോട്ടയായ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണത്തിന്റെ ആണിക്കല്ല് ഇളക്കിയാണ് ഗോപിനാഥ് പടിയിറങ്ങിയത്.ഒന്നും രണ്ടുമല്ല, കൃത്യമായി പറഞ്ഞാൽ 1979 മുതൽ ഇങ്ങോട്ട് ഇതുവരെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. അതിന്റെ ക്രെഡിറ്റ് പക്ഷെ എ ഗ്രൂപ്പിനോ ഐ ഗ്രൂപ്പിനോ അല്ല. അത് എ.വി. ഗോപിനാഥ് എന്ന നേതാവിന്റെ മികവു മാത്രമാണ്. വേണമെങ്കിൽ എ.വി.ജി. ഗ്രൂപ്പിന്റെ കരുത്ത് എന്നും പറയാം.
ഇടതിനൊപ്പം നിൽക്കുന്ന തരൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. പക്ഷെ അവിടെ നാൽപ്പതുകൊല്ലത്തിലധികമായി ചെങ്കോടി പാറിയിട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിക്ക് ലീഡ് ലഭിക്കാറുണ്ടെങ്കിലും പഞ്ചായത്ത് ഭരണം, അത് കോൺഗ്രസിനൊപ്പമാണ്.
എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു: സിപിഎം സഹകരണം തള്ളുന്നില്ലെന്ന് പ്രഖ്യാപനം
42 വർഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നുതവണ ഒഴികെ ബാക്കി മുഴുവൻകാലവും ഗോപിനാഥ് തന്നെയായിരുന്നു പ്രസിഡന്റ്. 25 വർഷം പ്രസിഡന്റ് പദവി പൂർത്തിയാക്കിയപ്പോൾ പദവി ഒഴിഞ്ഞുകൊടുത്തു. ഇത്തവണ പ്രസിഡന്റ് പദവി വനിതാ സംവരണമായിട്ടും പ്രവർത്തകരുടെ നിർബന്ധത്തിനുവഴങ്ങി മത്സരിച്ച എ.വി. ഗോപിനാഥ് ജയിച്ചിരുന്നു.16 അംഗ പഞ്ചായത്തിൽ 11 പേരും കോൺഗ്രസ് അംഗങ്ങളാണ്. ഞങ്ങൾ 11 പേരും ഒരുമിച്ചാണ്, ഞങ്ങൾ അഞ്ചുവർഷം ഭരിക്കും. അഞ്ചുവർഷം ഭരിക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം തന്നത് എന്ന് വാർത്താസമ്മേളനത്തിൽ ഗോപിനാഥ് വൃത്തിയായി പറഞ്ഞിട്ടുണ്ട്. അതിൽനിന്നു തന്നെ വ്യക്തമാണ് ഗോപിനാഥ് എങ്ങോട്ട് പോയാലും പഞ്ചായത്ത് ഭരണവും ആ പക്ഷത്തേക്ക് നീങ്ങും.സിപിഎമ്മിലേക്കെന്ന സൂചന നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ 42 വർഷത്തിന് ശേഷം ആദ്യമായി പഞ്ചായത്തിൽ സിപിഎം ഭരണത്തിലേറും
15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നെന്നും പാർട്ടി തന്റെ ജീവനാഡിയായിരുന്നെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞ ഗോപിനാഥ്, ഇടയ്ക്ക് വികാരാധീനനാവുകയും ചെയ്തിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു താൻ. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജില്ലയിലെ പ്രമുഖ നേതാവായിരുന്ന ഗോപിനാഥ്, മുൻപ് ഡി.സി.സി. അധ്യക്ഷനുമായിരുന്നു. 2009-ൽ സതീശൻ പാച്ചേനി എം.ബി. രാജേഷിനോട് ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് ഗോപിനാഥ് രാജിവെച്ചത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ പാർട്ടി നേതൃത്വവുമായി ഗോപിനാഥ് ഇടഞ്ഞിരുന്നു. പാലക്കാട് സീറ്റ് ലക്ഷ്യംവെച്ച് നടത്തിയ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ ഗോപിനാഥ് പാർട്ടി വിടാൻ പോകുന്നെന്ന് വാർത്തകളും ശക്തമായി. എന്നാൽ കെ. സുധാകരന്റെ സമയോചിതമായ ഇടപെടൽ ഗോപിനാഥന്റെ പാർട്ടിവിടലിനെ താത്കാലികമായെങ്കിലും തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ഗോപിനാഥിനെ പിടിച്ചുനിർത്തിയത്. എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന ഡി.സി.സി. അധ്യക്ഷ പട്ടികയിൽ ഗോപിനാഥിന് ഇടംപിടിക്കാനായില്ല. അതോടെ അദ്ദേഹം പാർട്ടി വിടുകയുമായിരുന്നു.
എ.വി. ഗോപിനാഥ്, കെ. സുധാകരൻ| Photo: Mathrubhumi
ആശയപരമായി രണ്ടുചേരിയിലാണെങ്കിലും സി.പി.എം. നേതാവ് എ.കെ. ബാലനുമായി അടുത്തബന്ധമാണ് ഗോപിനാഥിനുള്ളത്. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോകില്ലെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഗോപിനാഥ് പറഞ്ഞിരുന്നത്. എന്നിരുന്നാലും ഗോപിനാഥ് സി.പി.എമ്മിലേക്ക് പോയാൽ അതിൽ അൽപം പോലും അദ്ഭുതപ്പെടേണ്ടി വരില്ല. അതിന് കാരണം, കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ചുള്ള വാർത്താസമ്മേളനത്തിന് തൊട്ടുമുൻപത്തെ പരാമർശങ്ങളാണ്. പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Read More:പിണറായിയുടെ വേലക്കാരനാകുക എന്നത് അഭിമാനം, അനിൽ അക്കരയ്ക്ക് മാനസികരോഗം-എ.വി ഗോപിനാഥ്
content highlights:av gopinaths resignation from congress and its impact in peringottukurissi panchayat administration