തൃശൂർ > പിറന്ന നാടായ അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിലും കണ്ണീരും കാണുമ്പോൾ തൃശൂരിലിരിക്കുമ്പോഴും ഈ വിദ്യാർഥികളുടെ മനസ്സ് മുൾമുനയിലാണ്. തങ്ങളുടെ ഉറ്റവരെക്കുറിച്ചോർത്ത് ആധിയാണ് ഇവർക്ക്. പല പ്രവിശ്യകളിലും ഫോൺ ബന്ധം പോലുമില്ല. എന്തു സംഭവിക്കുമെന്നറിയാത്ത സ്ഥിതിയാണെങ്കിലും സമാധാനം കൈവരുമെന്ന പ്രതീക്ഷ ഇവർ കൈവിടുന്നില്ല.
അഫ്ഗാനിസ്ഥാൻ സ്വദേശികളായ ഹസീബുള്ള, നജീബുള്ള, അലിജാൻ, ബാരിയാലി എന്നിവരാണ് കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള തൃശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിൽ എംബിഎ പഠിക്കാനെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇവർ കേരളത്തിലെത്തിയത്. പിന്നീടാണ് താലിബാൻ സംഘം അഫ്ഗാനിസ്ഥാൻ കീഴടക്കിയത്.
അഫ്ഗാനിസ്ഥാനിൽ ജനങ്ങളാകെ ഭയത്തിലാണെന്ന് വിദ്യാർഥികൾ പറയുന്നു. പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. നേരത്തേ സ്ത്രീകൾക്ക് പഠിക്കാനും ജോലിക്കുപോവാനുമെല്ലാം സ്വാതന്ത്ര്യമുണ്ടായിരുന്നു. അതെല്ലാം ഇല്ലാതായെന്നാണ് അറിയുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ പഠനം മുടങ്ങിയതായി അറിഞ്ഞു. സാമ്പത്തിക ഇടപാടുകളെല്ലാം തടഞ്ഞിരിക്കയാണ്. നെറ്റ് വർക്ക് തടസ്സങ്ങൾമൂലം പലപ്പോഴും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. വീട്ടുകാരെ വിളിച്ചാൽ കിട്ടാതെ വരുമ്പോൾ മനസ്സിൽ ആധികൂടും. ടിവിയിൽ യുദ്ധരംഗങ്ങളും പലായനവും കണ്ട് ആശങ്കയിലാണ്.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സ്കോളർഷിപ്പോടെ ഇന്ത്യൻ സർക്കാരിന്റെ അതിഥികളായാണ് തങ്ങൾ കേരളത്തിലെത്തിയത്. ഇന്ത്യ–- അഫ്ഗാൻ സംസ്കാരിക പ്രചാരണത്തിന്റെ ഭാഗമായുള്ള സ്കോളർഷിപ്പാണിത്. കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലെത്താൻ വൈകി. കാലിക്കറ്റ് സർവകലാശാലയുടെ ഗസ്റ്റ് ഹൗസിൽ നിരീക്ഷണത്തിലിരുന്ന ശേഷമാണ് തൃശൂരിലെ ക്യാമ്പസിലെത്തിയത്. തൽക്കാലം കോളേജിൽ മൂന്നു ക്ലാസ്മുറികളിലായി താമസസൗകര്യമൊരുക്കി. പിന്നീട് വാടകവീട്ടിലേക്ക് മാറി. ഓൺലൈനിലാണ് പഠനം തുടരുന്നത്. രണ്ടുവർഷമാണ് കാലാവധി.
വീട്ടുകാരുടെ കാര്യം ആലോചിക്കുമ്പോൾ ഭീതിയുണ്ടെങ്കിലും പഠനം പൂർത്തികരിച്ചശേഷമേ തിരിച്ചുപോവൂ. നാട്ടിലെ സ്ഥിതി കുറച്ചുകൂടി സാധാരണ നിലയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. സമാധാനം കൈവരുമെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തിൽ നല്ല പഠനാന്തരീക്ഷമാണ്. കേരളീയർ വളരെ സൗഹാർദപരമായാണ് പെരുമാറുന്നത്. ഇന്ത്യൻ സർക്കാരിന്റെ എല്ലാ സഹായവും ലഭിക്കുന്നതായും വിദ്യാർഥികൾ പറഞ്ഞു.