ന്യൂഡൽഹി > ഹരിയാനയിലെ കർണാലിൽ കർഷകരുടെ തലയടിച്ച് പൊളിക്കാൻ നിർദേശിച്ച സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹയ്ക്കെതിരെ നടപടിയാവശ്യം ശക്തിപ്പെട്ടു. കർണാലിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എത്തുന്നതിനുമുമ്പാണ് സിൻഹ കർഷകരുടെ തലയടിച്ച് പൊളിക്കാൻ പൊലീസുകാർക്ക് നിർദേശം നൽകിയത്. ഇതിന്റെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
2018 ബാച്ച് ഐഎഎസുകാരനാണ് സിൻഹ. കർണാലിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കവെയാണ് കർഷകരെ അടിച്ചകറ്റാൻ സിൻഹ നിർദേശിച്ചത്. എല്ലാവനെയും പിടിച്ചെണീപ്പിച്ച് പുറത്തടിക്കാൻ ആദ്യം ആവശ്യപ്പെട്ടു. സുരക്ഷാവലയം ഭേദിക്കാൻ ഒരുത്തനെയും അനുവദിക്കരുതെന്നും നിർദേശിച്ചു. അതിന് മുതിരുന്നവരുടെ തലയടിച്ച് പൊളിക്കാൻ ആവശ്യപ്പെട്ടു. താൻ പറഞ്ഞതുപോലെ തന്നെ ചെയ്യില്ലേയെന്ന് സിൻഹ പൊലീസുകാരോട് ചോദിച്ചു. പൊലീസുകാരിൽനിന്ന് ഉറപ്പുവാങ്ങിയശേഷമാണ് സിൻഹ പിൻവാങ്ങിയത്. സിൻഹയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ദാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും ആവശ്യപ്പെട്ടു.
ഉന്നതങ്ങളിൽനിന്നുള്ള നിർദേശമില്ലാതെ ഇത്തരമൊരു ഉത്തരവ് നൽകില്ല. കർഷകർ സമാധാനപരമായാണ് പ്രതിഷേധിച്ചത്. പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണം. അടിക്കാൻ നിർദേശം നൽകിയ രാഷ്ട്രീയ മേലാളൻമാരെ കണ്ടെത്തണം.
ആയുഷ് സിൻഹയ്ക്കെതിരായി ഉചിതമായ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗത്താല പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പൊലീസ് നടപടിയെ ന്യായീകരിച്ചു. കർഷകരാണ് സംഘർഷമുണ്ടാക്കിയതെന്നും ആരോപിച്ചു.