തിരുവനന്തപുരം > ഡിസിസി പ്രസിഡന്റ് പട്ടികയിന്മേലുള്ള അടി മൂക്കുന്നതിനിടെ രൂക്ഷപ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഹൈക്കമാൻഡിനെ അനുസരിക്കാൻ പറ്റില്ലെങ്കിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വേറെ പാർട്ടി ഉണ്ടാക്കട്ടെയെന്ന് ഉണ്ണിത്താൻ ചാനലിൽ പ്രതികരിച്ചു.
പണ്ട് 1964 കോൺഗ്രസ് പിളർന്നു പല ഗ്രൂപ്പായി. കേരള കോൺഗ്രസ് ഉണ്ടായി. അതുതന്നെ പല ഗ്രൂപ്പുകളാണ് ഇപ്പോൾ. മാണി, ജോസഫ്, ജേക്കബ് എന്നിങ്ങനെ പല നേതാക്കന്മാരുടെ പേരിൽ. അത്ര വലിയ സ്വാധീനം ഉള്ള നേതാക്കന്മാർ ആണെങ്കിൽ അതുപോലെ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ചെയ്യാം. അവർ വേറെ പാർട്ടി ഉണ്ടാക്കട്ടെ. യുഡിഎഫുമായി സഖ്യം ഉണ്ടാക്കട്ടെ. ഇഷ്ടമുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കട്ടെ, പദവികൾ കൊടുക്കട്ടെ. അതിന് പറ്റില്ലെങ്കിൽ അവരുടെ വഴിനോക്കി പോണം. അതല്ല, കോൺഗ്രസിനകത്ത് നിൽക്കാനാണ് താൽപര്യമെങ്കിൽ ഹൈക്കമാൻഡിനെ അനുസരിക്കണം.
കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസി പട്ടികയിൽ യാതൊരു പരാതിയും ഇല്ല. ഗ്രൂപ്പ് നേതാക്കളായിട്ടുള്ള ഇവർക്കാണ് പരാതി. ഹൈക്കമാൻഡിനെ അനുസരിച്ചില്ലെങ്കിൽ പിന്നെ കോൺഗ്രസ് പാർട്ടിയിൽ നേതാക്കന്മാർക്ക് പ്രസക്തിയില്ല. എല്ലാ കാലത്തും പട്ടികയിൽ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. ഇവർക്ക് പാർട്ടി രക്ഷപ്പെടേണ്ട എന്നാണ്. ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആലോചിച്ചില്ല എന്ന് പറയുന്നതിൽ പ്രസക്തിയില്ല. ഈ നേതാക്കന്മാർ പറഞ്ഞിട്ടാണ് മൂന്നുപേരെ മാറ്റിയത്. കോൺഗ്രസിന്റെ പേരിലാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എല്ലാം അറിയപ്പെടുന്നത്. അത് മറക്കരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.