കൊച്ചി > കാലങ്ങളായി കൈവശംവച്ചിരുന്ന ഡിസിസി അധ്യക്ഷസ്ഥാനം വി ഡി സതീശൻ സ്വന്തം ‘വി’ ഗ്രൂപ്പിന്റെ അക്കൗണ്ടിലാക്കിയതിന്റെ അമർഷത്തിലാണ് ജില്ലയിലെ ഐ ഗ്രൂപ്പ്. സതീശനും സുധാകരനും പി ടി തോമസുംചേർന്ന് ഉമ്മൻചാണ്ടിയെ ഗ്രൂപ്പുനേതാവാക്കി ഒതുക്കിയതിൽ എ വിഭാഗത്തിലും പ്രതിഷേധം. വർഷങ്ങളായി ഐ ഗ്രൂപ്പിനാണ് എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനം. ഐ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെ തഴഞ്ഞ് തന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസിനെ പ്രസിഡന്റാക്കാൻ സതീശൻ ചരടുവലിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ ഐ കെ രാജുവിന്റെയും എ ഗ്രൂപ്പിലെ അബ്ദുൾമുത്തലിബിന്റെയും പേരുകൾ സതീശൻ എഴുതിവച്ചെങ്കിലും ഡൽഹിയിൽ ചരടുവലിച്ചത് സ്വന്തം ഗ്രൂപ്പുകാരനുവേണ്ടി. സതീശൻ പ്രതിപക്ഷ നേതാവായതോടെ ഡിസിസി തന്റെ നിയന്ത്രണത്തിലാക്കാനായിരുന്നു ഈ നടപടി.
നിലവിൽ വൈസ് പ്രസിഡന്റായ മുഹമ്മദ് ഷിയാസ് എക്കാലത്തും സതീശന്റെ വിശ്വസ്തനാണ്. സതീശൻ ദീർഘകാലം പറവൂർ എംഎൽഎയാണെങ്കിലും ഡിസിസിയുടെ ചുക്കാൻ ഐ ഗ്രൂപ്പിലെ ഹൈബി ഈഡന്റെയും ടി ജെ വിനോദിന്റെയും നിയന്ത്രണത്തിലായിരുന്നു. അത് നിയന്ത്രണത്തിലാക്കുകയാണ് സതീശന്റെ ലക്ഷ്യം. ടി ജെ വിനോദ് ഡിസിസി പ്രസിഡന്റായിരിക്കെ ഓഫീസ് കൈകാര്യം ചെയ്തത് ഷിയാസാണ് എന്ന യോഗ്യത മാത്രമാണ് സജീവപ്രവർത്തകരായ മറ്റ് നേതാക്കളെ തഴയാൻ സതീശൻ കണ്ടെത്തിയ ന്യായം. എൻ വേണുഗോപാൽ, അജയ് തറയിൽ, ഐ കെ രാജു, ദീപ്തി മേരി തുടങ്ങിയവരേക്കാൾ എന്ത് യോഗ്യതയാണ് ഷിയാസിനെന്നാണ് ഐ ഗ്രൂപ്പിലെ ചർച്ച.
സതീശന്റെ ചതിക്കെതിരെ ആദ്യ വെടിപൊട്ടിച്ച രമേശ് ചെന്നിത്തലയുടെ തുടർനീക്കം അറിഞ്ഞശേഷമാകും ജില്ലയിലെ ഐ ഗ്രൂപ്പിന്റെ ഭാവിപ്രവർത്തനം. തൽക്കാലം ഹൈബി ഈഡൻ, ടി ജെ വിനോദ് എന്നിവരുടെ പിന്തുണയോടെ ഐ ഗ്രൂപ്പ് നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിക്കാനും സതീശൻ ശ്രമിക്കുന്നുണ്ട്. വീതംവയ്പിൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ സതീശനും സുധാകരനുമെതിരെ എ ഗ്രൂപ്പിൽനിന്ന് കെ ബാബുവും ബെന്നി ബഹനാനും രംഗത്തുവന്നു. അവസരം വന്നപ്പോൾഎ ഗ്രൂപ്പിനെ തകർക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് പി ടി തോമസ് കരുക്കൾ നീക്കിയതാണ് കെ ബാബുവിനെ പ്രകോപിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തരിലൊരാളായിരുന്ന പി ടി തോമസ് പുതിയ ഗ്രൂപ്പിലേക്ക് കളംമാറിയതോടെ എ ഗ്രൂപ്പിനുള്ളിലും ഭിന്നത ശക്തമാകും.