കൊച്ചി: ഡിസിസി അധ്യക്ഷ പട്ടികയ്ക്കെതിരേ ആഞ്ഞടിച്ച് കെ. ബാബു എം എൽ എ. പുനസംഘടന ചർച്ച ചെയ്ത് വഷളാക്കിയെന്നും ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി കോൺഗ്രസിന് കേരളത്തിൽ പച്ച പിടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾക്കെതിരായ നടപടിയിലും അദ്ദേഹം ക്ഷുഭിതനായി. വിശദീകരണം ചോദിക്കുന്നതാണ് സംഘടനാ മര്യാദയെന്നും വെട്ടി നിരത്തുന്നതാണോ കേഡർ പാർട്ടി സ്വഭാവമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി കാര്യങ്ങളൊന്നും പൊതുജന മധ്യത്തിൽ ചർച്ചയാക്കാത്ത ആളാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി അതാണ്. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഉൾപ്പെടെയുള്ള ആളുകൾ ഇത്തരം ഒരു പ്രതികരണത്തിന് മുതിർന്നതെന്ന് ആലോചിക്കുമ്പോൾ ഇത്രയും ചർച്ച ചെയ്ത് പ്രശ്നം വഷളാക്കാതെ എല്ലാവരേയും വിശ്വാസത്തിലെടുത്ത് ചർച്ചകൾ ചെയ്തിരുന്നെങ്കിൽ ഈ വിഷയം ഭേദപ്പെട്ട നിലയിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും കെ ബാബു പറഞ്ഞു.
ഗ്രൂപ്പ് ഇല്ല എന്ന നിലയിലാണെങ്കിൽ ഇത് ഗ്രൂപ്പിന് അതീതമായ ഒരു പട്ടികയാണെന്ന് പ്രവർത്തകർക്ക് ബോധം വരണം. ഈ പട്ടിക ശരിയായ രീതിയിലുള്ളത് അല്ലായെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച പട്ടികയോട് ആർക്കും തർക്കമില്ല. അത് ഹൈക്കമാൻഡിനോടുള്ള ആദരവ് കൊണ്ടും പാർട്ടിയോടുള്ള കൂറുകൊണ്ടുമാണ്.
ഒരു അവസരം കിട്ടുമ്പോൾ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അതിന് പകരം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളല്ല നടത്തേണ്ടത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് നിരാശയുണ്ടാക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:K Babu MLA against DCC president list