ന്യൂഡൽഹി> കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിക്കുന്ന കർഷകർക്ക് ഹരിയാനയിലും പഞ്ചാബിലും പൊലീസ് മർദനം. ഹരിയാനയിലെ കർണാലിൽ ലാത്തിയടിയിൽ നിരവധിപേക്ക് പരിക്കേറ്റു. മർദനത്തിൽ പ്രതിഷേധിച്ച് കർഷകർ ദേശീയപാതകൾ ഉപരോധിച്ചു. ശനിയാഴ്ച രാത്രി വൈകിയും സംഘർഷസ്ഥിതിയാണ്.
പഞ്ചാബിൽ അമൃത്സറിലാണ് കർഷകരെ പൊലീസ് മർദിച്ചത്.
കർഷക സമരം കൂടുതൽ ശക്തമാക്കാൻ ദേശീയ കൺവൻഷൻ തീരുമാനിച്ചതനുസരിച്ചായിരുന്നു കർണാലിലെ പ്രതിഷേധം. ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എത്തുന്നതറിഞ്ഞ് നൂറുകണക്കിനു കർഷകർ കർണാലിലെ ബസ്താര ടോൾ പ്ലാസയിൽ കരിങ്കൊടികളുമായി ഒത്തുകൂടി. അതിനിടെ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ഒ പി ഝങ്കറുടെ വാഹനവ്യൂഹം ടോൾപ്ലാസയിൽ കർഷകർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസിന്റെ ലാത്തിവീശൽ. ബിജെപി യോഗം ചേർന്ന ഹോട്ടലിലേക്ക് പ്രതിഷേധവുമായി എത്തിയ കർഷകരെയും പൊലീസ് മർദിച്ചു. പലരുടെയും തല പൊട്ടി ചോരയൊലിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംസ്ഥാന വ്യാപകമായി കർഷകർ തെരുവിലിറങ്ങി. എല്ലാവരുടെയും തലയടിച്ച് പൊട്ടിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുന്ന വീഡിയോയും വൈറലായി.
കർഷക പ്രതിഷേധത്തിൽ ഡൽഹി–- അമൃത്സർ, ചണ്ഡീഗഢ്–- ഷിംല, ഫത്തേഹാബാദ്–- ചണ്ഡീഗഢ്, ഗോഹണ–- പാനിപ്പത്ത്, ജിണ്ട്–- പട്യാല, അംബാല–- ചണ്ഡീഗഢ് തുടങ്ങി നിരവധി പാതകളിൽ ഗതാഗതം സ്തംഭിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കർഷകനേതാക്കൾ ആവശ്യപ്പെട്ടു. നിഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബികെയു നേതാവ് ഗുർണാംസിങ് ചദുനി ആവശ്യപ്പെട്ടു.
അമൃത്സറിൽ, പുതുക്കിപ്പണിത ജാലിയൻവാലാ ബാഗ് സ്മാരകത്തിന്റെ ഓൺലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കവെ കർഷകർ പ്രതിഷേധിച്ചു. മോദി സർക്കാർ രാജ്യം അപ്പാടെ വിൽക്കുകയാണെന്ന് അവർ ആരോപിച്ചു. ഇവിടെയും പൊലീസ് ലാത്തിവീശി.