തിരൂർ
മലബാർ സമര പോരാളികൾക്ക് പിറകെ വാഗൺ ട്രാജഡി രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന് നീക്കാൻ ശ്രമം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മൂന്നംഗ ഉപസമിതിയാണ് സംഘപരിവാർ നിർദേശപ്രകാരം മലബാർ സമരത്തിലെ പോരാട്ടത്തെ അപമാനിക്കാനൊരുങ്ങുന്നത്.
സാമ്രാജ്യത്വത്തിന്റെ മർദനമുറകൾക്കെതിരെ ഉയർന്ന കർഷക പോരാട്ടങ്ങളുടെ തുടർച്ചയാണ് 1921 നവംബർ 19ന്റെ വാഗൺ കൂട്ടക്കൊല. എഴുപതു പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലുപേർ ഹിന്ദുക്കളായിരുന്നു. ഏറനാട്, വള്ളുവനാട് ദേശങ്ങളിലെ ഖിലാഫത്ത് പ്രവർത്തകരെ പട്ടാളം പിടികൂടി. ഇരുനൂറോളം പേരെ കഴുതവണ്ടികളുടെയും കാളവണ്ടികളുടെയും പിറകിൽ കെട്ടിവലിച്ച് മലപ്പുറത്തെത്തിച്ചു. അവിടെനിന്ന് തിരൂരിലേക്ക് മാറ്റി. നൂറുപേരെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മദ്രാസ്–-മറാത്ത കമ്പനികളുടെ എംഎസ് ആൻഡ് എം റെയിൽവേയുടെ 1711 വാഗണിൽ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. പോത്തനൂർ സ്റ്റേഷനിലെത്തിയ വാഗൺ തുറന്നപ്പോൾ നിരവധി പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ ഇറക്കാൻ സ്റ്റേഷൻ മാസ്റ്റർ അനുവദിച്ചില്ല. തിരൂരിലേക്ക് തിരിച്ചയച്ചു. രക്ഷപ്പെട്ടവരെ ആന്ധ്രയിലെ ബെല്ലാരി ജയിലിലേക്കയച്ചു.
മൃതദേഹങ്ങള്‍ തിരൂർ കോരങ്ങത്ത് പള്ളി, കോട്ട് ജമാഅത്ത് പള്ളി, ഏഴൂർ എന്നിവിടങ്ങളിൽ മറവുചെയ്തു. ചെമ്മലശ്ശേരി, തൃക്കലങ്ങോട്, മമ്പാട്, മലപ്പുറം, നിലമ്പൂർ, പുന്നപ്പാല, കുരുവമ്പലം, പയ്യനാട്, പോരൂർ എന്നിവിടങ്ങളിലുള്ളവരാണ് ക്രൂരതയ്ക്കിരയായത്. മരിച്ചവരിൽ 35 പേരും കുരുവമ്പലത്തുനിന്നുള്ളവരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ കിരാതത്വം വെളിപ്പെട്ട ചരിത്രസംഭവത്തെയാണ് ഐസിഎച്ച്ആർ കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്.