എകെ സിദ്ദിഖ് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു വധഭീഷണി. എന്നാൽ ഈ അക്കൗണ്ട് വ്യാജമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയു ചെയ്ത ആൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വി പി കൃഷ്ണരാജ് മാഹി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കേരളാ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് മംഗളുരു പോലീസിന് പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാരിയൻകുംന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തെ ആദ്യ താലിബാൻ നേതാവാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ പരിപാടിയിലാണ് അബ്ദുള്ളക്കുട്ടി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന ഭീഷണി ഉണ്ടായത്.
വാരിയംകുന്നത്തിനെ താലിബാൻ നേതാവെന്നു വിശേഷിപ്പിച്ചതു കൂടാതെ രണ്ടാമതും അബ്ദുള്ളക്കുട്ടി വാരിയംകുന്നത്തിനെതിരെ രംഗത്തുവന്നിരുന്നു. വാരിയംകുന്നത്ത് കുഞ്ഞമഹമ്മദ് ഹാജിയുടെ പേരിൽ സ്മാരകമുണ്ടാക്കുന്നതും വാരിയംന്നത്ത് നടത്തിയത് സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞു കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോടു കാണിക്കുന്ന ക്രൂരതയാണെന്നായിരുന്നു പരാമര്‍ശം. വാരിയംകുന്നൻ്റെ ആക്രമണത്തിന് ഇഎംഎസും കുടുംബവും ഇരകളായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇക്കാര്യം വാരിയംകുന്നത്തിന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ, അബ്ദുള്ളക്കുട്ടി അഭിനവ സവര്‍ക്കറാണെന്ന് ഐഎൻഎൽ തൃശൂര്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കാൻ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സജീര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഗോഡ്സെമാരെ സൃഷ്ടിക്കുന്ന തിരക്കിലാണ് അബ്ദുള്ളക്കുട്ടി. സ്വതന്ത്ര്യസമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്നു വിളിച്ച് ആക്ഷേപിച്ച അബ്ദുള്ളക്കുട്ടി ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അവഹേളിച്ചിരിക്കുകയാണെന്ന് സാലി സജീര്‍ പറഞ്ഞു. കേരള ജനതയോട് അബ്ദുള്ളക്കുട്ടി മാപ്പ് പറയണം. ചരിത്രത്തെ വളച്ചൊടിക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ചരിത്ര സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും മലബാര്‍ കലാപത്തിൽ പങ്കെടുത്തവരുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ഏതെങ്കിലുമൊരു രീതിയില്‍ മാത്രം നടന്ന ഒന്നല്ല. അതില്‍ സഹനസമരമുണ്ട്, വ്യക്തി സത്യഗ്രഹങ്ങള്‍ ഉണ്ട്, ബഹുജന മുന്നേറ്റമുണ്ട്, കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ സമരമുണ്ട്, ആയുധമേന്തിയ പോരാട്ടങ്ങളുമുണ്ട്. ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. 1921 ലെ മലബാര്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.
വാരിയന്‍കുന്നത്താവട്ടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്‍റെ ഭാഗമായി അവരെ സഹായിച്ച എല്ലാ മതസ്തരെയും അതിന്‍റെ പേരില്‍ എതിര്‍ത്തിട്ടുണ്ടെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഖാന്‍ ബഹുദൂര്‍ ചേക്കുട്ടി, തയ്യില്‍ മൊയ്തീന്‍ തുടങ്ങിയവരെ ഉള്‍പ്പെടെ കൊലപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അതേസമയം നിരപരാധികളെ കൊലപ്പെടുത്തുകയും മറ്റും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ് വാരിയന്‍കുന്നത്ത് സ്വീകരിച്ചിരുന്നതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.